
കൊച്ചി: സരസ് മേളയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർ നടത്തുന്ന ലക്ഷ്യ ജ്യൂസ് കൗണ്ടറിൽ നിറഞ്ഞ് ആളുകൾ.
വിവിധതരം സോഡകൾ മുതൽ ലസികളും സ്‌പെഷ്യൽ ജ്യൂസുകളും ഉൾപ്പെടെ വൈവിദ്ധ്യമാർന്ന നിരവധി പാനീയങ്ങളാണ് ഇവിടെയുള്ളത്. സോഡകളിൽ ചക്ക സോഡയും അച്ചാർ സോഡയും മോര് സോഡയും പച്ചമാങ്ങ സോഡ എന്നിവയാണ് താരങ്ങൾ. ക്ലാസിക്, ഫ്രഷ് ഫ്രൂട്ട്, മാംഗോ നട്ട് തുടങ്ങിയവയാണ് ലസികൾ. വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, മിക്‌സ്ഡ് വെറൈറ്റികൾ ഉൾപ്പെടെ പതിനഞ്ചോളം ജ്യൂസുകളും ഇവിടെ ലഭ്യമാണ്. കൂടാതെ 'സ്‌പെഷ്യൽ ഇൻസ്പിറേഷ്ണൽ' എന്ന പേരിൽ പുതിയ രുചിക്കൂട്ടുകളുമായി ഏഴോളം ജ്യൂസുകൾ വേറെയുമുണ്ട്. മിൽക്ക് സർബത്തുകൾ, ഷേക്കുകൾ, ഫ്രഷ് ലൈമുകൾ തുടങ്ങിയവയുമുണ്ട്.
അമൃത ജോസഫ് മാത്യു, അനാമിക രാജേന്ദ്രൻ, മിഥുൻ പവിത്രൻ, മറിയാമ്മ മാത്യു, റിച്ചു ജോയ്, റാണി എന്നിവർ ചേർന്നാണ് ജ്യൂസ് കൗണ്ടർ നടത്തുന്നത്. എറണാകുളം സ്വദേശികളായ ഇവർ 2017 മുതൽ കാക്കനാട് കളക്ടറേറ്റിൽ ജ്യൂസ് കൗണ്ടർ നടത്തി വരുന്നുണ്ട്. കുടുംബശ്രീ സംരംഭകരായ ഇവർ ഇതിനകം ആറ് സരസ്‌മേളകളിൽ പങ്കെടുത്തു കഴിഞ്ഞു.