കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നട ഇന്നലെ രാത്രി 8ന് തുറന്നു. ഇനി 11 ദിവസം ഭക്തർക്ക് ദേവീദർശനം നടത്താം.
നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നലെ വൈകിട്ട് നാലുമണിയോടെ അകവൂർ മനയിൽ നിന്ന് ആരംഭിച്ചു. മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഉമാമഹേശ്വരന്മാർക്ക് ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും മനയിലെ കാരണവരിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി അലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ചു. രഥയാത്ര ക്ഷേത്രത്തിൽ എത്തിയപ്പോൾ മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളിൽ അണിയിച്ചു. ക്ഷേത്രം ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ ഉറ്റതോഴീ സങ്കല്പമായ പുഷ്പിണിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും നട തുറക്കുന്നതിനായുള്ള ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പുഷ്പിണിയുടെ അനുവാദത്തോടെ മേൽശാന്തി ശ്രീപാർവതീ ദേവിയുടെ നട തുന്നു.
ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആയിരക്കണക്കിന് ഭക്തർ ചടങ്ങുകൾ ദർശിക്കാനെത്തി. രാത്രി തിരുവാതിരയും പൂത്തിരുവാതിര ചടങ്ങുകളും നടന്നു.
ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ, വൈസ് പ്രസിഡൻറ് പി.യു. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അശോകൻ കൊട്ടാരപ്പിള്ളി, മാനേജർ എം.കെ. കലാധരൻ, ഊരാൺമ പ്രതിനിധികളായ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, അകവൂർ ശങ്കരൻ നമ്പൂതിരിപ്പാട്, അകവൂർ ഹരി, വെടിയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.
ദിവസവും രാവിലെ 9 മുതൽ ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടാകും.