കൊച്ചി: ക്രിസ്‌മസ് മുതൽ ഏകീകൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതയിലും അർപ്പിക്കണമെന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദ്ദേശം ഭൂരിപക്ഷം പള്ളികളിലും നടപ്പായില്ല. 328ൽ 290പള്ളികളിലും പിറവി തിരുന്നാളിന്റെ പാതിരാ കുർബാന ജനാഭിമുഖമായാണ് അർപ്പിച്ചത്. അതിരൂപതാ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളി സംഘർഷ സാദ്ധ്യതയുള്ളതിനാൽ തുറന്നില്ല.

നൂറിലധികം പള്ളികളിൽ ക്രിസ്മസ് ദിവസം രാവിലെ ഒരു ഏകീകൃത കുർബാന മാത്രം അർപ്പിച്ചപ്പോൾ ചില പള്ളികളിൽ ഒന്നിലേറെ തവണ ഏകീകൃത കുർബാന നടന്നു.

ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ പാതിരാ കുർബാന ജനാഭിമുഖമായി ആരംഭിച്ചപ്പോൾ തടയാൻ ശ്രമിച്ചവരെ പൊലീസ് നീക്കി, ഏകീകൃത കുർബാന അടിച്ചേല്പിക്കാൻ ശ്രമിക്കുന്നവർ വിശ്വാസികളുടെ നിലപാട് തിരിച്ചറിയണമെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും ആവശ്യപ്പെട്ടു.

ക്രിസ്മസ് മുതൽ ഏകീകൃത കുർബാന ആരംഭിക്കണമെന്ന മാർപ്പാപ്പയുടെ നിർദ്ദേശം സെന്റ് മേരീസ് ബസിലിക്കയിൽ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബോസ്കോ പുത്തൂർ പ്രാവർത്തികമാക്കാത്തത് മാർപ്പാപ്പയോടുള്ള അനുസരണക്കേടാണെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ആരോപിച്ചു. വിമതരെ സഹായിക്കുന്ന ബോസ്‌കോ പുത്തൂരിന് തുടരാൻ അർഹതയില്ലെന്ന് സമിതി ഭാരവാഹികളായ മത്തായി മുതിരേന്തി, ജിമ്മി പുത്തിരിക്കൽ, വിത്സൻ വടക്കുഞ്ചേരി, ജോണി തോട്ടക്കര, ബേബി പൊട്ടനാനി, ജോൺസൺ കോനിക്കര എന്നിവർ പറഞ്ഞു.