sanu-mohan

കൊച്ചി: മകളെ അറും കൊല ചെയ്തിട്ടും തെല്ലും കുറ്റബോധമില്ലാതെയാണ് സനു മോഹൻ സംസ്ഥാനത്തിന് പുറത്ത് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞത്. ഒരുമാസത്തോളം ആഡംബര ജീവിതം തുടർന്ന പ്രതി കർണാടകത്തിലെ കാർവാറിൽ പൊലീസ് പിടിയിലാകുമ്പോൾ പാപ്പരായിരുന്നു. കോയമ്പത്തൂർ, ഗോവ, മൂകാംബിക എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ തള്ളിയശേഷം കോയമ്പത്തൂരിലേക്കാണ് ആദ്യം പോയത്.

കാറും വൈഗയുടെ ആഭരണങ്ങളും വിറ്റാണ് പണം കണ്ടെത്തിയത്. ഏതാനും ദിവസം കോയമ്പത്തൂരിൽ ചുറ്റിയടിച്ചശേഷം ഗോവയിലേക്ക് കടന്നു. ഗോവയിലെ കാസിനോകളിലാണ് അധികവും തമ്പടിച്ചത്. കൈയിലുണ്ടായിരുന്ന പണത്തിന്റെ നല്ലൊരു പങ്കും ചൂതാട്ടത്തിനായി ചെലവാക്കി. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് തിരിച്ചറഞ്ഞതോടെ മൂകാംബിക ഭാഗത്തേയ്ക്ക് കടന്നു. സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത സനു മോഹൻ നാല് ദിവസത്തോളം ഇവിടെ തങ്ങി. അപ്പോഴേക്കും കൈയിലെ പണമെല്ലാം തീർന്നിരുന്നു.

പണം നൽകാതെ ഹോട്ടലിൽ നിന്ന് കടന്നതാണ് അറസ്റ്റിലേക്ക് വഴിതുറന്നത്. ജീവനക്കാർ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ താമസിച്ചിരുന്നത് സനു മോഹനാണെന്ന് സംശയമായി. ഇക്കാര്യം പൊലീസിനെ അറിയിച്ചു. സി.സി ടിവി പരിശോധിച്ച് പ്രതിയെ പൊലീസ് സ്ഥിരീകരിച്ചു.

ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ സനു മോഹനെ 2021 ഏപ്രിൽ 18നാണ് പിടികൂടിയത്‌. പ്രതി വിറ്റ കാറും മകളുടെ ആഭരണങ്ങളും പൊലീസ് സംഘം തമിഴ്‌നാട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങൾ ഉൾപ്പെടെ കർണാടകയിൽ നിന്ന് കണ്ടെടുത്തു. കേസിൽ ഇവയാണ് പ്രധാന തെളിവായി.