തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ കണ്ടനാട് പാടശേഖരസമിതി സർക്കാർ സഹായത്തോടെ കണ്ടനാട് നടപ്പിലാക്കിയ നെൽക്കൃഷിക്ക് നൂറ് മേനി വിജയം. സിനിമാതാരം ശ്രീനിവാസൻ ചെയ്തു തുടങ്ങിയ രണ്ട് ഏക്കർ പാടത്തെ കൃഷിയാണ് വർഷങ്ങൾക്ക് ശേഷം ത്രിതല പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ നൂറ് ഏക്കറിലേക്ക് വ്യാപിപ്പിച്ചത്. ഇതോടെ ഉദയംപേരൂർ പഞ്ചായത്തിലെ 4-ാം വാർഡ് തരിശ് രഹിത വാർഡായി മാറി. നാല് മാസങ്ങൾക്ക് മുമ്പ് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് വിത്ത് വിതയ്ക്കൽ ഉദ്ഘാടനം നടത്തിയിരുന്നു. ഇന്നലെ കണ്ടനാട് ചെമ്മാച്ചൻ പള്ളിക്ക് സമീപത്ത്‌ നടന്ന കൊയ്ത്തുത്സവം നടനും സംവിധായകനുമായ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഷാജി മാധവൻ, ഉദയംപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ്‌ എസ്.എ. ഗോപി, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുധ നാരായണൻ, ടി.കെ. ജയചന്ദ്രൻ, 4-ാം വാർഡ് അംഗം ആൽവിൻ സേവ്യർ, അസി. കൃഷി ഓഫീസർ പി.എസ്. സലിമോൻ, പാടശേഖര സമിതി അംഗങ്ങളായ ദിനേശൻ, മനു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. കന്നുകാലികൾക്കായി മിതമായ നിരക്കിൽ വൈക്കോൽ ഇവിടെ ലഭിക്കും. ഫോൺ: 9496278023, 9846195582