nava

കൊച്ചി: ജില്ലയിലെ നാലു മണ്ഡലങ്ങളിൽ നടക്കുന്ന നവകേരള സദസിന്റെ അവസാനഘട്ട ഒരുക്കങ്ങൾ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദ്ദേശിച്ചു.

തൃക്കാക്കര മണ്ഡലത്തിലെ സദസ് ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 3ന് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ്. പിറവത്തേത് വൈകിട്ട് 5ന് പിറവം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഗ്രൗണ്ടിലും നടക്കും. തൃപ്പൂണിത്തുറ മണ്ഡലത്തിലേത് ജനുവരി രണ്ടിന് ഉച്ചയ്ക്ക് 3ന് പുതിയകാവ് ക്ഷേത്രമൈതാനത്തും കുന്നത്തുനാട്ടിലെ സദസ് വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടിലും നടത്തും. ഡിസംബർ 9 ന് മാറ്റിവച്ച നവകേരള സദസാണ് രണ്ടു ദിവസങ്ങളിലായി നടത്തുന്നത്. നവകേരള ബസിൽ തന്നെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. മന്ത്രിസഭയിൽ പുതിയ അംഗങ്ങളാകുന്ന

കെ.ബി. ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും എത്തുമെന്നതാണ് മറ്റൊരു സവിശേഷത.

യോഗത്തിൽ കുന്നത്തുനാട് മണ്ഡലം സംഘാടക സമിതി ചെയർമാൻ പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, തൃക്കാക്കര മണ്ഡലം സംഘാടകസമിതി ചെയർമാൻ സി.എം. ദിനേശ് മണി, പിറവം മണ്ഡലം സംഘാടകസമിതി ചെയർമാൻ എം.ജെ. ജേക്കബ്, സംഘാടക സമിതി കൺവീനർമാരായ മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ അനി, ഡെപ്യൂട്ടി കളക്ടർമാരായ ബി. അനിൽകുമാർ, ഉഷ ബിന്ദുമോൾ തുടങ്ങിയവർ പങ്കെടുത്തു.