കൊച്ചി: പാർട്ടിയുടെ കൊടിയും ചിഹ്നവും അനുവദിച്ചു കിട്ടുന്നതിനുള്ള കേസിൽ ഇലക്ഷൻ കമ്മിഷനിൽ ഇരു വിഭാഗങ്ങളുടെയും വാദം പൂർത്തിയായെന്നും തങ്ങൾക്ക് അനുകൂലമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് എൻ.സി.പി അജിത് പവാർ വിഭാഗം ദേശീയ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022ലെ സംഘടനാ തിരഞ്ഞെടുപ്പ് നീതി പൂർവമല്ല നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് കുട്ടിക്ക് സംസ്ഥാന പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകി നിയമിച്ചതായുള്ള ദേശീയ നേതൃത്വത്തിന്റെ കത്ത് എറണാകുളം മുനിസിഫ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ സമർപ്പിച്ചിട്ടുണ്ട്. കോടതി പലവട്ടം ഇലക്ഷൻ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും പി.സി. ചാക്കോ വിഭാഗം നൽകാത്തതിൽ കോടതി നിശിതമായി വിമർശിച്ചെന്നും 7500 രൂപ പിഴ അടക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.സി. ചാക്കോ രാജിവയ്ക്കണമെന്നും കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തങ്ങൾ എൽ.ഡി.എഫിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന കോഓർഡിനേറ്റർ റോയ് വാരികാട്ട്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജോണി തോട്ടക്കര, സംസ്ഥാന ഭാരവാഹികളായ കെ.കെ. ജയപ്രകാശ്, കെ.എസ്. ഡൊമിനിക് എന്നിവർ പങ്കെടുത്തു.