മൂവാറ്റുപുഴ: ക്രിസ്മസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മൂവാറ്റുപുഴ നഗരോത്സവത്തിൽ വൻജനപങ്കാളിത്തം.

പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട്

മൂന്നിന് പ്രവേശനം ആരംഭിക്കും. പൊതുഅവധി ദിനങ്ങളിൽ ഉച്ചമുതൽ മേളയ്ക്ക് തുടക്കം കുറിക്കും.

നഗരോത്സവ ഭാഗമായി ഒരുക്കിയിരിക്കുന്ന വിനോദ, വാണിജ്യ, വ്യാവസായിക മേളയിൽ ദിനംപ്രതി ആയിരങ്ങളാണ് എത്തുന്നത്. വൈവിധ്യങ്ങളായ പരിപാടികളോടെയാണ് നഗരോത്സവം പുരോഗമിക്കുന്നത്. മേളയിലെ ഒട്ടകവും കുതിരയും കുട്ടികളെ ആകർഷിച്ചുവരുന്നു. പവലിയന്റെ പ്രവേശന കവാടം തീർത്തിരിക്കുന്നത് ഭീമാകാരനായ മത്സ്യത്തിന്റെ രൂപത്തിലാണ്. 4000 ചതുരശ്ര അടി വിസ്തീർണം വരുന്ന പവലിയനിൽ അലങ്കാര മത്സ്യം, വളർത്ത് മത്സ്യം, രാക്ഷസ മത്സ്യം, വിവിധ ഇനം പക്ഷികൾ, പേർഷ്യൻ പൂച്ച, ഭീമാകാരനായ ഓന്ത്, വിവിധ ഇനം കോഴികൾ, അരയന്നം തുടങ്ങിയവയുടെ പ്രദർശനം നടക്കുന്നുണ്ട്. നാല്പാമരങ്ങളും ഔഷധ സസ്യങ്ങളും അപൂർവ സസ്യങ്ങളും വംശനാശം നേരിടുന്ന വൃക്ഷലതാതികളും അണിനിരത്തിയ കാർഷിക പവലിയനും അപൂർവ റോസ്, ഓർക്കിഡ്, ജമന്തി, മുല്ല, ചെണ്ടുമല്ലി തുടങ്ങിയ ചെടികളും പൂക്കളും ഉൾപ്പെടുത്തിയ ഫ്ലവർ പവലിയനും മേളയിലുണ്ട്. മികച്ച ഇനം തെങ്ങിൻ തൈകൾ, മാവ്, റമ്പൂട്ടാൻ, ജാതി, കുരുമുളക് ചെടികളും പയർ, പാവൽ, വെണ്ട, ചീര തുടങ്ങിയവയുടെ വിത്തുകളും വില്പന നടത്താൻ ഗാർഡൻ നഴ്സറിയും പ്രവർത്തിച്ചുവരുന്നു.

ക്രിസ്മസ് സ്റ്റാളും നാടൻ വിഭവങ്ങളും വിവിധതരം ജ്യൂസുകളും കോഴിക്കോടൻ ഹൽവയും പഴയകാല മിഠായികളും ഐസ്ക്രീമും പൊരിപലഹാരങ്ങളും ഉൾപ്പെടുത്തിയ ഫുഡ് കോർട്ടും സെൽഫി കോർണറും ജല ഫൗണ്ടനും മേളയെ ആകർഷകമാക്കുന്നു. വീട്ടിലേക്ക് ആവശ്യമുള്ള വസ്തുക്കളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്നതാണ് വിപണന മേള. കരകൗശല വസ്തുക്കൾ, ഗിഫ്റ്റ് ഐറ്റംസ്, ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കത്തി, വാക്കത്തി, അരിവാൾ തുടങ്ങിയ ആയുധങ്ങൾ, പഴയകാല കാർഷിക ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുംവിധം 20000 ചതുരശ്ര അടി വിസ്തീർണത്തിൽ വിപുലമായ അമ്യൂസ്മെന്റ് പാർക്കും മേളയുടെ ഭാഗമാണ്. ആകാശ ഊഞ്ഞാൽ, കുട്ടികളുടെ ട്രയിൻ, നീന്തൽക്കുളം, കൊളംബസ്, ഡിസ്കോ, ആകാശവഞ്ചി, എയ്റോപ്ലേൻ, കാർ, മോട്ടോർ സൈക്കിൾ തുടങ്ങി നിരവധി റൈഡുകളും മേളയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.