vaiga
f

കൊച്ചി: പത്തു വയസുകാരി വൈഗയെ ക്രൂരമായി കൊലപ്പെടുത്തി മുട്ടാർ പുഴയിലെറിഞ്ഞ കേസിൽ പിതാവ് സനു മോഹന് (42) ജീവപര്യന്തവും 28 വർഷം കഠിനതടവും 1.70 ലക്ഷം രൂപ പിഴയും ശിക്ഷ. ജീവപര്യന്തമൊഴികെ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പത്തു വർഷത്തെ അധികതടവേ ഉണ്ടാകൂ. കഠിനതടവിന് ശേഷമാണ് ജീവപര്യന്തം അനുഭവിക്കേണ്ടത്.

എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതി ജഡ്‌ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. പിഴത്തുക വൈഗയുടെ അമ്മയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടരവർഷം കൂടി തടവ് അനുഭവിക്കണം. വൈഗ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് വിചാരണക്കോടതി വിലയിരുത്തി. അമ്മയ്ക്ക് മതിയായ നഷ്ടപരിഹാരം കിട്ടാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.

ആലപ്പുഴ തൃക്കുന്നപ്പുഴ കൈതക്കാട്ട് സിനുഭവനിൽ സനുവിന്റെ മകൾ വൈഗയെ 2021 മാർച്ച് 22നാണ് മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മവീട്ടിൽ നിന്ന് വൈഗയെ എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്ന സനു സോഫ്റ്റ് ഡ്രിങ്കിൽ മദ്യം ചേർത്തു നൽകി അബോധാവസ്ഥയിലാക്കിയശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം പിന്നീട് മുട്ടാർ പുഴയിൽ എറിഞ്ഞ ശേഷം കാറിൽ തമിഴ്നാടുവിഴി രക്ഷപ്പെടുകയായിരുന്നു. സനുവിനെ 28 ദിവസങ്ങൾക്കുശേഷം കർണാടകയിലെ കാർവാറിൽ നിന്നാണ് അറസ്റ്റുചെയ്തത്.

വൻ കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽപോകാൻ തീരുമാനിച്ച സനു, ഭാര്യ മകളെ നന്നായി നോക്കില്ലെന്ന ചിന്തയിലാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. തൃക്കാക്കര സി.ഐ ധനപാലൻ 240 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2022 മേയ് 13ന് ആരംഭിച്ച വിചാരണ 2023 ഡിസംബർ 19ന് പൂർത്തിയായി. 78 സാക്ഷികളെ വിസ്തരിച്ചു. 134 രേഖകളും 34 തൊണ്ടിമുതലുകളും ഹാജരാക്കി.

മകൾക്കൊപ്പം മരിച്ചെന്ന്

കരുതി,​ ഒടുവിൽ...

സനു ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്നായിരുന്നു ആദ്യ നിഗമനം. രണ്ടു ദിവസം പുഴയിൽ തെരച്ചിലും നടത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ മദ്യത്തിന്റെ അംശം കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കൊലയ്ക്ക് ശേഷം കാറിൽ കോയമ്പത്തൂരിലെത്തിയ സനു കാറും തന്റെ മോതിരവും മകളുടെ ബ്രേസ്‌ലെറ്റും വിറ്റു. അവിടന്ന് ബംഗളൂരു, മുംബയ്, ഗോവ എന്നിവിടങ്ങളിലെത്തി. തുടർന്ന് കൊല്ലൂരെത്തി ആറ് ദിവസം ലോഡ്‌ജിൽ തങ്ങി പണം നൽകാതെ മുങ്ങി. കാർവാറിലെത്തിയപ്പോൾ പിടിയിലുമായി. സനു രണ്ട് മൊബൈൽ ഫോണുകൾ കൊച്ചിയിൽ ഉപേക്ഷിച്ചിരുന്നു. ഇതിലൊന്ന് ബീഹാർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന് കിട്ടിയത് നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. പൊലീസ് അവിടെയെത്തിയാണ് വീണ്ടെടുത്തത്.