അങ്കമാലി: പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി നഗരസഭയിൽ 2024-25 വർഷം നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ പ്രോജക്ട് തയാറാക്കുന്നതിന് സംഘടിപ്പിച്ച വികസന സെമിനാർ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഷിക പദ്ധതിയുടെ കരട് രേഖ വികസനകാര്യ സമിതി ചെയർമാൻ ബാസ്റ്റിൻ ഡി. പാറയ്ക്കലിന് നൽകി ഡോ.ദിലീപ്കുമാർ പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലക്‌സി ജോയി, ലിസി പോളി, റോസിലി തോമസ് തുടങ്ങിയവർ സംസാരിച്ചു.