
കൊച്ചി: പാകിസ്ഥാൻ ചാര സംഘടനയുടെ പ്രണയക്കെണിയിൽ വീണവരെ കൈയോടെ പിടികൂടാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. പത്തോളംപേർ ഈ വർഷം പിടിയിലായി.
തന്ത്രപ്രധാന വിവരങ്ങളും
പ്രതിരോധ രഹസ്യങ്ങളും ചോർത്തുകയാണ് പാക് ലക്ഷ്യം. സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് പ്രണയിക്കുന്നത്.
കൊച്ചി കപ്പൽശാലയിൽ നിന്ന് ഐ.എൻ.എസ് വിക്രാന്തിന്റെ ചിത്രങ്ങൾ ചോർത്തിയതിന് മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോട് ഈ മാസം 20ന് അറസ്റ്റിലായതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. കപ്പൽശാലയിലെ താല്ക്കാലിക ജീവനക്കാരനായിരുന്നു.
'ഏയ്ഞ്ചൽ പായൽ' എന്ന പേരിലുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടിലേക്ക് ശ്രീനിഷ് വിവരം കൈമാറുകയായിരുന്നു. പായൽ ഏയ്ഞ്ചൽ എന്ന അക്കൗണ്ടിലേക്ക് വിവരം കൈമാറിയ മുംബയ് ഡോക് യാർഡിലെ താത്കാലിക ജീവനക്കാരൻ ഈമാസം 13ന് അറസ്റ്റിലായിരുന്നു. പത്തിലേറെ കേസുകളാണ് ഈ വർഷം വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്തത്. പ്രതിരോധമേഖലയുമായി ബന്ധമുള്ളവരുടെ
സമൂഹമാദ്ധ്യമ അക്കൗണ്ടുകളടക്കം നിരീക്ഷിച്ചാണ് ഇത്തരക്കാരെ പിടികൂടുന്നത്.
പായൽ ഏയ്ഞ്ചൽ, ആരതി ശർമ്മ, മുക്ത മഹാതോ, അതിഥി തിവാരി, ഹർലീന കൗർ, പ്രീതി, പൂനം ബജ്‌വ, സുനിത തുടങ്ങിയ വ്യാജ പേരുകളിൽ പ്രത്യക്ഷപ്പെട്ട സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ചാറ്റ് ചെയ്ത ഉദ്യോഗസ്ഥരാണ് കെണിയിൽ വീണതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും പണം നൽകിയുമെല്ലാം വിവരം ചോർത്തുന്നുണ്ട്.
കെണിയിൽ വീണവരിൽ
ഡി.ആർ.ഡി.ഒ ഡയക്ടറും
1. പെൺകെണിയിൽ വീണവരിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഡയറക്ടർ വരെയുണ്ട്. മിസൈൽ രഹസ്യമാണ് ചോർത്തി നൽകിയത്. ഈ വർഷം
മേയ് 3നാണ് അറസ്റ്റിലായത്.
2. ബി.എസ്.എഫ് വിവരം ചോർത്തൽ, മിലിട്ടറി വിവരം ചോർത്തൽ,
ചാരപ്പണിക്ക് പണമിടപാട്, അരുണാചലിലെ അതിർത്തി വിവരം ചോർത്തൽ
ആർമി ഫോൺ ചോർത്തൽ എന്നീ കുറ്റങ്ങൾക്കാണ് പത്തോളംപേർ ഈ വർഷം പിടിയിലായത്.