ആലുവ: നിത്യേന നൂറുകണക്കിന് വിശ്വാസികൾ ബലിതർപ്പണത്തിനും നാട്ടുകാർ കുളിക്കുന്നതിനുമെത്തുന്ന ആലുവ മണപ്പുറത്തെ കടവുകൾ തകർന്നിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയെടുക്കാതെ അധികൃതർ.

ജലസേചന വകുപ്പ്, നഗരസഭ, ദേവസ്വം ബോർഡ് എന്നിവരാണ് കടവ് നവീകരിക്കാതെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നത്. ശിവരാത്രി അടുത്തുവരുന്ന സാഹചര്യത്തിൽ എത്രയും വേഗം കടവുകൾ നവീകരിച്ചില്ലെങ്കിൽ അപകടത്തിന് വഴിവെക്കുമെന്നാണ് ആശങ്ക. കടവുകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. മണ്ഡലകാലമായതിനാൽ ശബരിമല ഇടത്താവളമായ മണപ്പുറത്ത് ആയിരക്കണക്കിന് തീർത്ഥാടകരാണ് നിത്യേനയെത്തുന്നത്.

ശിവരാത്രി നാളിൽ ബലിത്തറ ലേലം ചെയ്യുന്നതുൾപ്പെടെ പലവിധത്തിൽ ദേവസ്വം ബോർഡിന് മികച്ചവരുമാനം ലഭിക്കുന്നുണ്ട്. എന്നിട്ടും ഇവിടെയെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭയും ശിവരാത്രി വ്യാപാരമേളയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് വരുമാനം ഉണ്ടാക്കുന്നത്. എന്നിട്ടും നഗരസഭയും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്.

കടവ് നവീകരിക്കണമെന്ന് ബി.ജെ.പി

ആലുവ ശിവരാത്രി മണപ്പുറത്തെ കടവുകൾ നവീകരിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭയിലെ പ്രധാനപ്പെട്ട ക്ഷേത്രം സ്ഥിതി ചെയ്യുന്ന ശിവരാത്രി മണപ്പുറം സംരക്ഷിക്കണമെന്നും കടവുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ എൻ. ശ്രീകാന്ത് പ്രമേയത്തിൽ ആവശ്യപ്പെട്ടു.