നെടുമ്പാശേരി: കുടിവെള്ള കണക്ഷൻ എടുക്കാൻ പഞ്ചായത്ത് റോഡ് മുറിക്കുന്നതിനുള്ള അമിത ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിൽ പരാതി നൽകി. നെടുമ്പാശേരി പഞ്ചായത്ത് 11-ാം വാർഡിലെ ആവണംകോട് സ്വദേശി അമ്മിണി വേലായുധനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് പരാതി നൽകിയത്.

പഞ്ചായത്തിന്റെ പൂർണ സബ്‌സിഡിയോടെ എസ്.സി വിഭാഗത്തിന് ലഭിച്ച കുടിവെള്ള കണക്ഷൻ എടുക്കാൻ റോഡ് മുറിക്കുന്നതിന് അമിത ഫീസാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഈടാക്കുന്നത്. നേരത്തെ 200 രൂപയുടെ മുദ്രപത്രത്തിൽ കരാർ എഴുതി പഞ്ചായത്തിൽ 600 രൂപ അടച്ചാൽ റോഡ് മുറിക്കാമായിരുന്നു. എന്നാലിപ്പോൾ റോഡ് മുറിക്കുന്നതിന് ഒരു സ്‌ക്വയർ മീറ്ററിന് 4499.28 രൂപയാണ് ഈടാക്കുന്നതെന്നും പരാതിയിൽ പറയുന്നു.