
കൊച്ചി: സരസ് മേളയിൽ താരമായി അങ്കമാലി പാറക്കടവ് പഞ്ചായത്തിൽ ഇളവൂരിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ നവ സംരംഭമായ ഗ്രീൻ പ്ലാനറ്റ് എന്റർപ്രൈസസ്. പ്രകൃതി സൗഹൃദമായ വിവിധതരം ബാഗുകളും അനുബന്ധ വസ്തുക്കളുമാണ് ഇവർ ഉത്പാദിപ്പിക്കുന്നത്. ഷോൾഡർ ബാഗുകൾ, ടോട്ട് ബാഗുകൾ, ഹാൻഡ് ബാഗുകൾ, വാലറ്റുകൾ, ലഞ്ച് ബാഗുകൾ, സഞ്ചികൾ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉത്പന്നങ്ങൾ. ജൂട്ട്, തുണി, പേപ്പർ തുടങ്ങിയ പ്രകൃതി സൗഹൃദമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ബാഗുകൾ നിർമ്മിക്കുന്നത്. ആകർഷകമായ ഡിസൈനുകൾ ബാഗുകളിൽ പ്രിന്റ് ചെയ്തു നൽകുന്നുമുണ്ട്. 150 രൂപ മുതൽ 250 രൂപ വരെയാണ് ഇവരുടെ ഉത്പന്നങ്ങളുടെ വില. വിവിധ മേളകൾ വഴിയാണ് വില്പന നടക്കുന്നത്.
കുടുംബശ്രീയിലൂടെ ലഭിച്ച പരിശീലനത്തിൽ നിന്ന് ആറുമാസം മുമ്പാണ് എബി മോൾ, സുനിത പ്രദീപ്, ഷെമീറ ഷബീർ, സവിത രജീഷ്, എം.ആർ. രേഖ, സെലീന പാപ്പച്ചൻ, അർച്ചന, ബീന രവി എന്നീവർ ചേർന്ന് പുതിയ സംരംഭം തുടങ്ങിയത്. ഇതിനകം വിവിധ മേളകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
ശ്രീനിജിൻ എം.എൽ.എ മേളയിൽ
ദേശീയ സരസ് മേള വേദിയിലെ വൈവിദ്ധ്യങ്ങൾ ആസ്വദിച്ചറിഞ്ഞ് പി.വി. ശ്രീനിജിൻ എം.എൽ.എ. ഭാര്യ സോണിയോടൊപ്പം മേള വീക്ഷിക്കാൻ എത്തിയ അദ്ദേഹം വിപണന സ്റ്റാളുകളാണ് ആദ്യം സന്ദർശിച്ചത്. സംരംഭകരോട് ആശയവിനിമയം നടത്തി. ഉത്പന്നങ്ങൾ പരിചയപ്പെട്ടു. തുടർന്ന് ഫുഡ് കോർട്ടിലെത്തി വിവിധ രുചി വകഭേദങ്ങൾ പരീക്ഷിച്ചു. ഏകദേശം ഒരു മണിക്കൂർ വേദിയിൽ ചെലവിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.