
കൊച്ചി: ധൂർത്ത് കാരണം കടക്കെണിയിലായി. ഒടുവിൽ ഒളിച്ചോടാൻ തീരുമാനിച്ച സനു തന്റെ സാമ്പത്തിക പ്രശ്നങ്ങൾ മകളുടെ ഭാവി തകർക്കുമെന്ന ആശങ്കയിലാണ് കൊല നടത്തിയതെന്ന് കുറ്റപത്രം.
ആലപ്പുഴ സ്വദേശിയെ വിവാഹം കഴിച്ച സനു പൂനെയിൽ ലെയ്‌ത്ത് നടത്തിയിരുന്നു. സ്റ്റീൽ ബിസിനസും ചെയ്തു. കടക്കെണിയിൽപ്പെട്ടതോടെ കുടുംബത്തോടൊപ്പം നാട്ടിലെത്തി കൊച്ചിയിൽ ഒളിവുജീവിതമാണ് നയിച്ചിരുന്നത്. പണം കിട്ടാനുള്ളവർ പൂനെയിൽ നിന്ന് അന്വേഷിച്ചെത്തി പ്രശ്നമുണ്ടാക്കി. നാട്ടിലും വലിയ കടങ്ങളുണ്ടായിരുന്നു.
2021 മാർച്ച് 22ന് വൈകിട്ട് ആലപ്പുഴയിലെ ഭാര്യവീട്ടിൽ നിന്നാണ് സനു മകളെയും കൂട്ടി കൊച്ചിയിലെത്തിയത്. പിണക്കത്തിൽ കഴിയുന്ന കരിയിലക്കുളങ്ങരയിലെ അമ്മാവനെ അനുനയിപ്പിക്കാനെന്നു പറഞ്ഞാണ് ഇറങ്ങിയതെങ്കിലും കൊച്ചി കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്കാണ് വന്നത്. തുറവൂരിൽ നിന്ന് അൽഫാമും കൊക്കക്കോളയും വാങ്ങി. മകൾ അൽഫാം കഴിക്കുന്ന സമയത്ത് കോളയിൽ മദ്യം കലർത്തി നൽകി. അബോധാവസ്ഥയിലായ വൈഗയുമായി ഫ്ളാറ്റിലെത്തി. ഇവിടെ വച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. മരിക്കാൻ പോകുന്ന വിവരം സനു കുട്ടിയോടു പറഞ്ഞിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. തുണികൊണ്ട് ശ്വാസം മുട്ടിച്ചപ്പോൾ വൈഗയുടെ മൂക്കിൽ നിന്ന് തറയിൽ രക്തത്തുള്ളികൾ വീണു. ഇതു തുണിയും ബെഡ് ഷീറ്റും ഉപയോഗിച്ചു തുടച്ചശേഷം വാഷിംഗ് മെഷീനിലിട്ടു. വൈഗയുടെ കൈയിലെ സ്വർണ ബ്രേസ്‌ലെറ്റ് അഴിച്ചെടുത്തു.
കുട്ടിയെ പുതപ്പിൽ പൊതിഞ്ഞ് തോളിലെടുത്താണ് സനു ഫ്ളാറ്റിനു പുറത്തേക്ക് വന്നത്. കൈയിലുണ്ടായിരുന്ന ഭാര്യയുടെയും വൈഗയുടെയും മൊബൈൽ ഫോണുകൾ കാറിൽ പോകും വഴി കളമശേരി എച്ച്.എം.ടി ജംഗ്ഷനിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇതിലൊന്ന് ബീഹാർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനാണ് ലഭിച്ചത്. ഇത് ബീഹാറിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.
കുട്ടിയെ പുഴയിലെറിഞ്ഞശേഷം കാറിൽ നാടു വിട്ട സനു മാർച്ച് 22ന് കോയമ്പത്തൂരിലെത്തി. കാർ ഇവിടെ 50,000 രൂപയ്ക്ക് വിറ്റു. മകളുടെ ബ്രേസ്‌ലെറ്റും കൈയിലുള്ള മോതിരവും വിറ്റ തുകയുമായി സേലം, ബംഗളൂരു, മുംബയ്, ഗോവ എന്നിവിടങ്ങളിലേക്ക് പോയി. ഒടുവിൽ ഉഡുപ്പി വഴി കൊല്ലൂരിലെത്തി. ഒളിവിൽ കഴിയുമ്പോൾ മൊബൈലോ എ.ടി.എം കാർഡോ ഉപയോഗിച്ചില്ല. കൊല്ലൂരിൽ ആറ് ദിവസം ലോഡ്‌ജിൽ തങ്ങിയശേഷം പണം നൽകാതെ മുങ്ങി. കാർവാറിലെത്തിയപ്പോഴാണ് പിടിയിലായത്. പ്രതിയുടെ ട്രാവൽബാഗ് മുംബയിൽ നിന്നും ടീ ഷർട്ട് ഗോവയിൽ നിന്നും ജാക്കറ്റ് മൂകാംബികയിലെ ലോഡ്‌ജിൽ നിന്നും കണ്ടെടുത്തു.
സനു ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്നായിരുന്നു ആദ്യ നിഗമനം. സനുവിനായി രണ്ടു ദിവസം പുഴയിൽ തെരച്ചിലും നടത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ മദ്യത്തിന്റെ അംശം കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.