പറവൂർ: പറവൂർ നഗരത്തിലെ മുനിസിപ്പൽ കവലയ്ക്ക് സമീപത്തെ മജ്ലീസ് ഹോട്ടലിലെ അനധികൃത നിർമ്മാണം ചോദ്യം ചെയ്തതിന് രണ്ട് നഗരസഭാ കൗൺസിലർമാർക്കെതിരെ വധഭീഷണി ഉയർത്തിയതായി പരാതി. ഹോട്ടലുടമയ്ക്കും കൂട്ടാളികൾക്കുമെതിരെ പൊലീസിൽ പരാതി നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

ഇന്നലെ ഉച്ചയ്ക്ക് നഗരസഭ കൗൺസിൽ യോഗശേഷം പുറത്തിറങ്ങിയപ്പോഴാണ് ഹോട്ടൽ ഉടമയും രണ്ട് കൂട്ടാളികളും ചേർന്ന് കൗൺസിലർമാരായ ജോബി പഞ്ഞിക്കാരൻ, ഡി. രാജ്കുമാർ എന്നിവരെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തത്.

മജ്ലിസ് ഹോട്ടലിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ സ്വന്തംചെലവിൽ പൊളിച്ച് മാറ്റണമെന്ന് ഹോട്ടൽ ഉടമയ്ക്ക് നഗരസഭാ സെക്രട്ടറി കൗൺസിൽ തീരുമാനപ്രകാരം കത്ത് നൽകിയിരുന്നു. ഒരു മാസമായിട്ടും പൊളിച്ചു നീക്കാത്തതിനെ തുടർന്ന് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലും വിഷയം കൗൺസിലർമാർ ഉന്നയിച്ചു. ഇതുസംബന്ധിച്ച് അഭിപ്രായങ്ങൾ രാഷ്ട്രീയ ഭേദമന്യേ കൗൺസിലർമാർ യോഗത്തിൽ ഉന്നയിച്ചു. അനധികൃത നിർമ്മാണം അടിയന്തരമായി പൊളിച്ചുനീക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. യോഗം നടക്കുന്ന സമയത്ത് കൗൺസിൽ ഹാളിന് സമീപം ഹോട്ടലുടമയും കൂട്ടാളികളും എത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് യോഗം പിരിഞ്ഞ ശേഷം മറ്റ് കൗൺസിലർമാർക്കൊപ്പം താഴെ നിൽക്കുമ്പോഴാണ് ജോബി പഞ്ഞിക്കാരന് നേരെ മോശം വാക്കുകൾ പ്രയോഗിക്കുകയും പുറത്തിറങ്ങിയാൽ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. രാജ്കുമാറിന് നേരെയും ഇവർ വധഭീഷണി മുഴക്കി. ആദ്യം പ്രശ്നമുണ്ടാക്കിയ ശേഷം തിരിച്ചുപോയ സംഘം വീണ്ടും കാറിൽ തിരിച്ചെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതായി സംഭവം കണ്ടുനിന്ന കൗൺസിലർമാർ പറഞ്ഞു. പിന്നീട് ഉച്ചയ്ക്കുശേഷം യോഗം ചേർന്നപ്പോൾ അംഗങ്ങൾക്കു നേരെയുണ്ടായ ഭീഷണിയിൽ ആശങ്ക രേഖപ്പെടുത്തി എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്തുവന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് മജ്ലീസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലധികം പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയിരുന്നു. ഇതുസംബന്ധിച്ച് ഹോട്ടൽ ഉടമയ്ക്കെതിരെ കേസുകൾ നിലവിലുണ്ട്.