santhosh-trophy

കൊച്ചി: 'സന്തോഷത്തിന്റെ" വിസിൽ മുഴങ്ങിയ ചരിത്രദിനത്തിൽ ക്യാപ്ടൻ മണിയുടെയും വൈസ് ക്യാപ്ടൻ ടി.എ. ജാഫിന്റെയും ഓർമ്മകളെ കൂട്ടുപിടിച്ച് കേരളത്തിന്റെ വിക്ടറി ടീം ഒരിക്കൽക്കൂടി ബൂട്ടുകെട്ടി, അമ്പതാണ്ടിനപ്പുറം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട അതേ ഹോം ഗ്രൗണ്ടിൽ, അതേ ദിവസം പന്തുതട്ടാനായി. കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി താരങ്ങളെയും മൺമറഞ്ഞവരുടെ കുടുംബങ്ങളെയും ആദരിക്കാൻ കൊച്ചി കോർപ്പറേഷൻ സംഘടിപ്പിച്ച പരിപാടിയാണ് ഓർമ്മകളിലേക്കൊരു ലോംഗ് പാസ് നൽകിയത്. കരുത്തരായ റെയിൽവേസിനെ അവസാന നിമിഷം വരെ പൊരുതി തോല്പിച്ച ടീം കീരീടം ഉയർത്തിയ നിമിഷങ്ങൾ താരങ്ങൾ ഓർത്തെടുത്തു.

ഫൈനൽ മത്സരത്തിൽ ഉപയോഗിച്ച പന്തുമായി ജി. രവീന്ദ്രൻ നായർ എത്തി. ഹോംഗ്രൗണ്ടിൽ ഹാട്രിക്കടിച്ച് തിളങ്ങിയ ക്യാപ്ടൻ മണിയെക്കുറിച്ചായിരുന്നു കെ. നജ്മുദ്ദീനും എൻ.കെ. ഇട്ടിമാത്യുവിനും വാതോരാതെ സംസാരിക്കാനുണ്ടായിരുന്നത്. നജ്മുദ്ദീൻ നൽകിയ പാസിലൂടെയാണ് അന്ന് മണി ആദ്യ ഗോളടിച്ചത്. പിന്നീട് രണ്ടാം പകുതിയിൽ വില്യം ഒരുക്കിയ വഴികളിലൂടെ അതേ നായകന്റെ കാലുകൾ ഗോൾവല കുലുക്കി. 65ാം മിനിട്ടിൽ ചിന്നറെഡ്ഡി റെയിൽവേയുടെ സ്‌കോർ ഉയർത്തിയപ്പോൾ ഞെട്ടിയ ഓർമ്മകളും താരങ്ങൾ ചെറുചിരിയോടെ പങ്കുവച്ചു. 70-ാം മിനിട്ടിൽ മണി മൂന്നാം ഗോളടിച്ച് മാന്ത്രികനായി. അതിലേക്ക് വഴിയൊരുക്കിയ നിമിഷം നജ്മുദ്ദീന്റെ മനസിൽ ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ തെളിഞ്ഞുനിൽക്കുന്നു.

എട്ടുമിനിട്ട് മാത്രം ബാക്കി നിൽക്കേ ദിലീപ് പാലിത്ത് റെയിൽവേസിനായി കേരളത്തിന്റെ ഗോൾവല കുലുക്കിയതും സമനിലയ്ക്ക് ചാൻസ് കൊടുക്കാതെ പ്രതിരോധിച്ചതുമെല്ലാം മഹാരാജാസ് പുൽമൈതാനത്ത് അവർ പരസ്പരം പങ്കുവച്ചു. സ്റ്റേഡിയത്തിനു ചുറ്റുമിരിക്കുന്ന ആയിരക്കണക്കിന് ആരാധകർ ആർപ്പുവിളികളും നൃത്തച്ചുവടുകളുമായി സന്തോഷ് ട്രോഫിയെ മലയാളമണ്ണിലേക്ക് വരവേറ്റതെല്ലാം മിന്നും താരങ്ങളുടെ മനസിൽ ഇപ്പോഴും നിറംമങ്ങാത്ത കാഴ്ചകൾ. കേരളത്തിന്റെ ഗോൾമുഖം കാത്ത ജി. രവീന്ദ്രനാഥിന് ഇന്നലെ മേയർ എം. അനിൽകുമാറിന്റെ പെനാൽറ്റി കിക്ക് തടുക്കാനായില്ല. ഗോൾ വീണപ്പോൾ പഴയ സഹതാരങ്ങൾ മതിമറന്നു ചിരിച്ചു, ഒപ്പം രവീന്ദ്രൻനായരും.

കോച്ച് സൈമൺ സുന്ദർരാജിനൊപ്പം കെ.പി. സേതുമാധവൻ, സി.സി ജേക്കബ്, ബാബു നായർ, ഡോ.മുഹമ്മദ് ബഷീർ, പി.പൗലോസ്, ബ്ലസി ജോർജ്, എം.മിത്രൻ, പി.പി. പ്രസന്നൻ, പാണക്കാട് അബ്ദുൾ ഹമീദ്, ഇട്ടി മാത്യൂ, ബാബു വി.നായർ എന്നീവരും അന്ന് ധരിച്ച ജഴ്സിയിൽ ഗ്രൗണ്ടിലിറങ്ങി. തുടർന്ന് കോർപറേഷൻ പരിധിയിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ അകമ്പടിയിൽ താരങ്ങളെ ഡി.എച്ച് ഗ്രൗണ്ടിലേക്ക് ആനയിച്ചു. മേയർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ അദ്ധ്യക്ഷത വഹിച്ചു. മേയറും ഹൈബി ഈഡൻ എംപിയും ചേർന്ന് താരങ്ങളെ ആദരിച്ചു. കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.എ. ശ്രീജിത്ത്, പി.ആർ. റെനീഷ്, കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസ്, പത്മജ എസ്‌.മേനോൻ, കെ.എഫ്.എ മുൻ പ്രസിഡന്റ് കെ.എം.ഐ മേത്തർ, കെ.എഫ്.ഐ പ്രസിഡന്റ് നവാസ് മീരാൻ തുടങ്ങിയവർ പങ്കെടുത്തു.