കൊച്ചി: അടുത്ത കാൽനൂറ്റാണ്ടിൽ കൈവരിക്കേണ്ട വികസനക്കുതിപ്പ് തേടുന്ന കേരളത്തിന് പുതിയ സാദ്ധ്യതകൾ ഏറെയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നി‌ർദിഷ്ട ലക്ഷ്യത്തിലെത്താൻ ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം ഹബ്ബെന്ന നിലയിൽ

ഏറെ മുന്നോട്ടുപോകണം. നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും സാങ്കേതികവിദ്യാ മുന്നേറ്റവുമെല്ലാം അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി 'പവറിംഗ് കേരള' കോൺക്ലേവ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വരുന്ന 25 വ‌ർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ വികസനം ഇന്ത്യയിലാകുമെന്നാണ് വിലയിരുത്തൽ. അതേസമയം കേരളത്തിൽ ആവശ്യം കൂടുന്നതിനനുസരിച്ച് ഉത്പാദനം നടക്കുന്നില്ല. ജനസംഖ്യാനിയന്ത്രണവും വിദേശകുടിയേറ്റവും കാരണം മനുഷ്യശേഷിയിലും കുറവുണ്ടായേക്കും. ഈ സാഹചര്യം സാങ്കേതികതയുടെ സാദ്ധ്യതകൾകൊണ്ട് മറികടക്കണം.

ഇനിയും പ്രയോജനപ്പെടുത്താത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തണം.

സ്വിറ്റ്സ‌ർലാൻഡിന് സമാനമായ മലനിരകൾ നമുക്കുണ്ട്. ശാന്തതയും ശുദ്ധവായുവും തേടിയെത്തുന്ന ഒരുവിഭാഗം സഞ്ചാരികളുമുണ്ട്. ഇത്തരം കാഴ്ചപ്പാടുകൾ വേണം. വി‌ജ്ഞാനാധിഷ്ഠിത സംരംഭങ്ങളും ആരോഗ്യടൂറിസവും വളരണം. മുടക്ക് കുറഞ്ഞതും ലാഭകരവുമായ സംരംഭങ്ങൾക്ക് ഇത് സഹായകമാകും. കേരളം വിട്ട യുവാക്കൾ അവസരങ്ങൾ കൂടുന്നതോടെ പുതിയ ആശയങ്ങളുമായി തിരിച്ചെത്തുമെന്നും മന്ത്രി പറഞ്ഞു.

'കേരളകൗമുദി' മാതൃക

പുതു വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ 'കേരളകൗമുദി' മാതൃകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചെറുകിട സംരംഭകരെപ്പറ്റി ആകർഷകമായ വാ‌ർത്തകൾ കേരളകൗമുദിയിൽ വായിക്കാറുണ്ട്. ഇത് അഭിനന്ദനാ‌ർഹമാണ്. 'പവറിംഗ് കേരള' കോൺക്ലേവിൽ ഉരുത്തിരിയുന്ന വികസന ആശയങ്ങൾ സ‌ർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.