കൊച്ചി: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനപ്പെട്ട തീരുമാനങ്ങൾ ആദ്യമെടുക്കേണ്ട സ്ഥലം കൊച്ചിയാണെന്ന് നിസംശയം പറയാമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു.
കേരളകൗമുദി കൊച്ചിയിൽ എത്തിയതിന്റെ 103-ാം വാർഷികാഘോഷ പരിപാടിയിലും പവറിംഗ് കേരള കോൺക്ലേവിലും അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മേയർ.
കേരളത്തിന്റെ വരുമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടഭാഗം സർക്കാരിന് ലഭിക്കുന്നത് കൊച്ചിയിലെ വ്യാപാര വ്യവസായ മേഖലകളിൽ നിന്നാണ്. സ്വാഭാവികമായും കൊച്ചിയുടെ വികസനക്കുതിപ്പ് കേരളത്തിന്റെകൂടി വികസനക്കുതിപ്പാകും. കൊച്ചിയിൽ വരാത്ത ആളുകൾ അപൂർവമായേ നമ്മുടെ ഭരണാധികാര കേന്ദ്രങ്ങളിൽ ഉണ്ടാകൂ. കേരളകൗമുദിയുടെ കോൺക്ലേവ് താൻ വലിയ ആവേശത്തോടെയാണ് കാണുന്നത്. നഗരത്തിൽ സമൃദ്ധി ഹോട്ടലും ഷീലോഡ്ജും തന്നെക്കൊണ്ട് നടപ്പിലാക്കിച്ചത് കേരളകൗമുദിയാണ്. എങ്ങനെയാണ് ഒരുപത്രം തലോടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതിന് ഉദാഹരണമാണിവ. സമൃദ്ധി ഹോട്ടലിന്റേയും ഷീ ലോഡ്ജിന്റെയും വിജയത്തിൽ മേയറോടൊപ്പം ഒരു കേക്കിന്റെ മധുരം പങ്കിടാൻ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ അത് കേരളകൗമുദിക്കാണെന്ന കാര്യം അഭിമാനത്തോടെ പറയുന്നു.
കേരളകൗമുദിയുമായി അഭേദ്യമായ ബന്ധമുണ്ട്. പത്രാധിപരുടെ പത്രം എന്നറിയപ്പെടുന്ന കേരളകൗമുദിയുടെ പരിപാടി നഗരത്തിൽ നടക്കുന്നുവെന്നത് ആഹ്ലാദകരമാണ്. വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുന്നത് എല്ലാവരും ഉറ്റുനോക്കുന്ന ധനകാര്യമന്ത്രിയാണ്. അദ്ദേഹം ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കൊച്ചിയുടെ മേയർ എന്ന നിലയിൽ ഇതിനുമുമ്പുള്ള മേയർമാർ നേരിടാത്ത സാഹചര്യങ്ങൾ താനും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.