സർക്കാർ അധികാരത്തിൽ വന്നയുടൻ ഭക്ഷ്യനയം ആവശ്യപ്പെട്ട് അസോസിയേഷൻ നിവേദനം നല്കിയിരുന്നെങ്കിലും നാളിതുവരെ പരിഗണിക്കപ്പെട്ടില്ല. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആയുർദൈർഘ്യം മുന്നിട്ടുനിൽക്കുന്നതിൽ നാടിന്റെ ഭക്ഷണശീലത്തിന് വലിയ പങ്കുണ്ട്. പുതുതലമുറയിൽ വർദ്ധിച്ചുവരുന്ന ജങ്ക് ഫുഡ് സംസ്കാരം പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിൽ തർക്കമില്ല. ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്നതിന് പിന്നിലും ഭക്ഷണം പ്രധാന ഘടകമാണ്. കേരളത്തിന്റെ തനതായ ഭക്ഷ്യസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്.

നല്ല ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഉത്പാദനം മുതൽ തീൻമേശ വരെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കെ.എച്ച്.ആർ.എ സ്വന്തം നിലയിൽ 'ടോസ്റ്റ്' എന്ന ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. മാലിന്യസംസ്കരണം തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെങ്കിലും അവർ കടമ നിർവഹിക്കാതെ, ചെറുകിട വ്യാപാരികൾക്കും ഹോട്ടലുകൾക്കുമെതിരെ 50,000 മുതൽ ഒരു ലക്ഷംരൂപ വരെ പിഴ ഈടാക്കുന്നത് ശരിയായ രീതിയല്ല.

ജി. ജയപാൽ

സംസ്ഥാന പ്രസിഡന്റ്

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ