kerala-kaumudi

കൊച്ചി: അറിവിലും സാങ്കേതിക മികവിലും കേരളം മുന്നിട്ടുനിൽക്കുന്നതിനാലാണ് ലോകത്തെവിടെയും മലയാളികൾക്ക് അവസരം ലഭിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊച്ചിയിൽ കേരളകൗമുദി എത്തിയതിന്റെ 103-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പവറിംഗ് കേരള കോൺക്ലേവ്' പാലാരിവട്ടം ഹോട്ടൽ റിനൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശുദ്ധവായുവും വെള്ളവും നല്ല മണ്ണും മികച്ച അടിസ്ഥാനസൗകര്യങ്ങളും നമുക്കുണ്ട്. ടൂറിസം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളിൽ സാദ്ധ്യതകളേറെയാണെന്നു തിരിച്ചറിഞ്ഞ് വിദേശമലയാളികളടക്കമുള്ള സംരംഭകർ കേരളത്തിലേക്കു തിരികെവരുമെന്നും മന്ത്രി പറഞ്ഞു.

സ്മാർട്ട് വികസനത്തെക്കുറിച്ച് നവകേരളത്തിന് അവബോധം നല്കിയ കോൺക്ലേവിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. നിർമ്മിതബുദ്ധി, റോബോട്ടിക്‌സ്, ധനവിനിയോഗം, ടൂറിസം, ആരോഗ്യം, കൃഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരുന്നു കോൺക്ലേവ്.

കാലടി സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസന്റെ 'നന്മമരം' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് കേരളകൗമുദിയുടെ ഉപഹാരം കൈമാറി. കേരളകൗമുദി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി അപർണ ഹരിദാസിന് ഉപഹാരവും ക്യാഷ് അവാർഡും നൽകി.

മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനും കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് മോഡറേറ്ററുമായിരുന്നു.

ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കേരളകൗമുദി കോർപ്പറേറ്റ് മാനേജർമാരായ (മാർക്കറ്റിംഗ്) ഷിറാസ് ജലാൽ, എ.ജി.അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറഞ്ഞു.

ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ, മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ആർ. ബിജിമോൻ, ബാങ്ക് ഒഫ് ബറോഡ കേരള സോണൽ ഹെഡും ജനറൽ മാനേജരുമായ ശ്രീജിത്ത് കൊട്ടാരത്തിൽ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ, എഴുത്തുകാരൻ സുസ്‌മേഷ് ചന്ദ്രോത്ത്, ഫിലിം ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ബി.ആർ.ജേക്കബ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം.ഹരീഷ് എന്നിവർ പങ്കെടുത്തു.