
കോലഞ്ചേരി: പുതുവത്സരത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കെ. സ്മാർട്ടിലൂടെ ഡബിൾ സ്മാർട്ടാകുന്നു. നിലവിൽ വിവിധ ആപ്പുകൾ ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ. എന്നാൽ കെ. സ്മാർട്ട് വരുന്നതോടെ എല്ലാം ഒരു കുടക്കീഴിലാക്കും.
ആദ്യ ഘട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമാണ് ആപ്പിന്റെ പ്രവർത്തനം. ആദ്യഘട്ടത്തിൽ സിവിൽ രജിസ്ട്രേഷൻ, കെട്ടിട നിർമ്മാണം, പ്രോപ്പർട്ടി ടാക്സ്, ധനകാര്യം, ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്, പരാതി പരിഹാര സംവിധാനം, മാനവശേഷി പരിപാലന സംവിധാനം, ബിസിനസ് ഫെസിലിറ്റേഷൻ എന്ന എട്ട് മൊഡ്യൂളുകളാണ് നഗര സഭകളിൽ വിന്യസിക്കുന്നത്.
പൊതുജനങ്ങൾ അപേക്ഷ നല്കുന്നത് മുതൽ നഗരസഭയിൽ നിന്ന് സേവനം നൽകുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും അപേക്ഷകൻ നേരിട്ട് എത്താതെ സേവനം ലഭ്യമാക്കുന്ന വിധമാണ് ആപ്പിന്റെ പ്രവർത്തനം.
വാട്സ് ആപ്പ് വഴി വിവരങ്ങൾ
കെ. സ്മാർട്ട് സിറ്റിസൺ വെബ് പോർട്ടൽ വഴി ലോഗിൻ ചെയ്ത് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ നൽകാവുന്നതാണ്. അപേക്ഷ സംബന്ധിച്ച അറിയിപ്പുകൾ പോർട്ടലിലും വാട്സ് ആപ്പ് വഴിയും അപേക്ഷകന് ലഭിക്കും. സർക്കാരിലേക്ക് അടക്കേണ്ട തുക യു.പി.ഐ മുഖേനയും അടക്കാൻ സൗകര്യമുണ്ട്. പണമിടപാടുകൾ പൂർണമായും ഡിജിറ്റലാക്കുന്നതോടെ കൈപ്പറ്റ് രസീതുകൾ ഔട്ടാകും. പുറത്ത് പോയി കരം പിരിക്കുന്നത് ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കും ഇ പോസ് മെഷീനുകളും ലഭ്യമാക്കും. ഒരു സേവനങ്ങൾക്കും സർവീസ് ചാർജുമുണ്ടാകില്ല.
സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ
കടലാസ് സംവിധാനത്തിൽ നിന്ന് ഡിജിറ്റലൈസേഷനിലേക്ക് മാറുമ്പോൾ സാധാരണക്കാർക്ക് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പവും പ്രയാസവും ഒഴിക്കാക്കാൻ കടലാസ് അപേക്ഷകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് നഗരസഭകളിലും കോർപ്പറേഷനുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളും തുറക്കും. ഇതിനായി കോർപ്പറേഷനുകളിൽ 10 ഉം, നഗരസഭകളിൽ 4 ഉം ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കും. ഇതിനായി ഓഫീസ് ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും. ജീവനക്കാർ കുറവുള്ള ഇടങ്ങളിൽ കുടുംബശ്രീ, താത്കാലിക വേതന വ്യവസ്ഥയിലോ അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ചോ ഒരു മാസത്തേക്ക് ആളെ നിയമിക്കാനും തീരുമാനമായി.