
ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് റിട്ട. എസ്.ഐ കുന്നുകര കുത്തിയതോട് മനയ്ക്കലകത്തൂട്ട് തച്ചിൽ വീട്ടിൽ ടി.ജെ. ജോസഫ് (64) മരിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലാ പൊലീസ് ഓഫീസിലേക്ക് പോവുകയായിരുന്ന ജോസഫ് സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു. വലതുവശത്തേക്ക് വീണ ജോസഫ് ലോറിക്കടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു. എസ്.ഐയായിരിക്കെ ചെങ്ങമനാട് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്. പിതാവ് യോഹന്നാനും സഹോദരൻ ആന്റണിയും പൊലീസിലായിരുന്നു. സർവീസിൽ നിന്നു വിരമിച്ച ശേഷം വീട്ടിൽ വിവിധതരം കൃഷികൾ ചെയ്തിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് വൈകിട്ട് 4.30ന് നോർത്ത് കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: മോളി. മക്കൾ: യേശുദാസ്, സിബി. മരുമക്കൾ: ലിനു, ജീന.