cochin
കപ്പൽ ശാല

 സാമ്പത്തിക ഇടപാടുകളിലും അന്വേഷണം

കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ പാക് ചാരയെന്ന് കരുതുന്ന വനിത ചോർത്തിയത് ഹണിട്രാപ്പിലൂടെ. കേസിൽ അറസ്റ്റിലായ കപ്പൽശാലയിലെ കരാർ ജീവനക്കാരൻ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടന്റെ മൊഴിയിലാണ് ഹണിട്രാപ്പിന് ഇരയായതായി പറയുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം കസ്റ്റഡിയിൽ ലഭിച്ച ഇയാളുടെ ചോദ്യം ചെയ്യൽ തുടകരുകയാണ്. പല ചോദ്യങ്ങളോടും ഇയാൾ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത്തായാണ് അറയുന്നത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയാകും വരുംദിവസങ്ങളിലെ ചോദ്യം ചെയ്യൽ.

'എയ്ഞ്ചൽ പായൽ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്കാണ് ശ്രീനിഷ് കപ്പൽശാലയിലെ വിവരങ്ങൾ കൈമാറിയത്. കഴിഞ്ഞ മാർച്ച് മുതൽ ഡിസംബർ ആദ്യവാരം വരെയുള്ള കാലയളവിലായിരുന്നു ചാറ്റിംഗ്. അക്കൗണ്ട് ഇപ്പോൾ അൺ ഇൻസ്റ്റാൾ ചെയ്ത നിലയിലാണ്. അക്കൗണ്ടിനെക്കുറിച്ചും ശ്രീനിഷുമായി നടത്തിയ ചാറ്റുകളും വീണ്ടെടുത്ത് കൈമാറാൻ ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ റിപ്പോർട്ട് വേഗത്തിൽ ലഭിക്കുമെന്നാണ് കരുതുന്നത്.

ശ്രീനിഷിന്റെ മൊബൈൽ ഫോണിന്റെ മിറർ ഇമേജ് എടുക്കാനുള്ള നടപടികളും തുടരുകയാണ്. രണ്ട് റിപ്പോർട്ടുകളും ലഭിക്കുന്നതോടെ കേസിന്റെ ആഴവും പരപ്പും വ്യക്തമാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ഈമാസം 20ലാണ് ശ്രീനിഷിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബയിൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്നാണ് കൊച്ചി കപ്പൽശാലയിലെ രഹസ്യങ്ങൾ ചോർത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. നാവികസേനയുടെ നിർമ്മാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധകപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ വിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശനം തുടങ്ങിയവയാണ് ഇയാൾ സമൂഹ മാദ്ധ്യമം വഴി കൈമാറിയത്.

പണമിടപാട് തിരയുന്നു
ശ്രീനിഷിന്റെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഈവർഷം നടത്തിയ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ഉത്തരേന്ത്യയിൽ സമാനകേസിൽ പിടിയിലായവർക്ക് പണം ലഭിച്ചിരുന്നു. കേസിൽ ശ്രീനിഷിനെ മിലിട്ടറി ഇന്റലിജൻസും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളും വൈകാതെ ചോദ്യം ചെയ്യും. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ പ്രത്യേക അപേക്ഷ നൽകിയാകും ചോദ്യം ചെയ്യുക.