കൊച്ചി: സ്വന്തം കുഞ്ഞിനെ ഉപദ്രവിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ട് എറണാകുളം സബ് ജയിലിൽ റിമാൻഡിലായിരുന്ന ബിഹാർ സ്വദേശിക്ക് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഇടപടെലിനെ തുടർന്ന് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജാമ്യം അനുവദിച്ചു.

ഭർത്താവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യയും മക്കളും എറണാകുളം സബ് ജയിലിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയതിനെത്തുടർന്ന് സബ് ജയിൽ സൂപ്രണ്ട് ഹരിയുടെ അഭ്യർത്ഥനപ്രകാരമാണ് ജില്ല ലീഗൽ സർവീസിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ പ്രശ്നത്തിൽ ഇടപെട്ടത്. തുടർന്ന് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം അഡ്വ. വിദ്യ ജയിലിൽ എത്തി കുടുംബവുമായി സംസാരിച്ച് കുത്തിയിരുപ്പു സമരം അവസാനിപ്പിക്കുകയായിരുന്നു.

നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ, വിചാരണ തടവുകാരെ സ്വന്തം ജാമ്യത്തിൽ വിടുന്ന പദ്ധതിയിൽ ഈ കേസും ഉൾപ്പെടുത്താൻ വിചാരണ കോടതിക്ക് സബ് ജഡ്ജ് നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ അഡ്വ. അഖിൽ ജോർജ് മുഖേന നൽകിയ ജാമ്യപേക്ഷ അനുവദിച്ച് പ്രതിയെ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു.

ഇയാൾ കുറ്റം ചെയ്തിട്ടില്ലെന്ന് ഭാര്യയും മക്കളും കോടതിയിൽ സത്യവാങ്ങ്മൂലവും സമർപ്പിച്ചിട്ടുണ്ട്.

പിതാവ് ജയിലിലും മാതാവ് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലുമായപ്പോൾ ഇവരുടെ 4മാസം പ്രായമായ കുഞ്ഞിനെ എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആര്യ മുലയൂട്ടിയ സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതേത്തുടർന്ന് എറണാകുളം ജില്ലാ ശിശുസംരക്ഷണ സമിതി ഇടപെട്ട് കുട്ടികൾക്കും ആശുപത്രിയിൽ നിന്നും തിരികെ വന്നശേഷം മാതാവിനും സർക്കാർ മഹിളാമന്ദിരത്തിൽ താമസസൗകര്യം ഒരുക്കിയിരുന്നു. ഇവിടെ കഴിയുന്നതിനിടെയാണ് കുടുംബത്തിന്റെ അന്നദാതാവായ ഭർത്താവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സബ് ജയിലിനുമുമ്പിൽ സമരം നടത്തിയത്.