saras
സരസ് മേളയിലെ സന്ദർശകരുടെ തിരക്ക്

കൊച്ചി: കൊച്ചിക്ക് ഉത്സവഛായ നൽകിയ കൊച്ചി ദേശീയ സരസ് മേള ഇനി നാലുദിവസംകൂടി.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ മുതൽ അലങ്കാരവസ്തുക്കൾ വരെ ഒരു കുടകീഴിൽ ഒരുക്കി ആഘോഷങ്ങളും ഭക്ഷ്യവൈവിദ്ധ്യങ്ങളും കലാസാംസ്‌കാരിക പരിപാടികളുമായി സരസ് കൊച്ചി കീഴടക്കി കഴിഞ്ഞു

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്ര വൈവിദ്ധ്യങ്ങളാണ് സരസിന്റെ ആകർഷണം. വിവിധ നിറങ്ങളിലും വ്യത്യസ്ത ഡിസൈനുകളിലും തുണികളിലും ലഭിക്കുന്ന വസ്ത്രങ്ങൾക്കായി നിരവധി ആളുകളാണ് സ്റ്റാളുകളിലേക്കെത്തുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് മനോഹരമായ ഡിസൈനിലുള്ള കുർത്തകളും ചുരിദാർ മെറ്റീരിയലുകളും ശ്രദ്ധ നേടി കഴിഞ്ഞു. മികച്ച ഓഫറുകളി​ലാണ് ഭൂരിഭാഗം സ്റ്റാളുകളിലും വസ്ത്രങ്ങളുടെ വില്പന. തറിയിൽ നെയ്‌തെടുത്ത കേരളത്തിന്റെ സ്വന്തം കൈത്തറി മുതൽ കമ്പിളിയിൽ തീർത്ത കാശ്മീരിന്റെ അമൂല്യമായ പശ്മിന ഷാൾ വരെ ലഭ്യമാണ്.ഒഡീഷയുടെ ട്രൈബൽ പ്രിന്റ് സാരികൾ, ചിത്രപ്പണികളാൽ സമ്പന്നമായ ആന്ധ്രയുടെ കലംകാരി സാരികൾ, ചത്തീസ്ഗഢിന്റെ മധുബനി പ്രിന്റഡ് സാരികൾ, പോച്ചാംപിള്ളി സാരികൾ, മധുരൈ ചെട്ടിനാട് കോട്ടൺ സാരികൾ, ഗുജറാത്ത്, ഹിമാചൽ, ഹരിയാന, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള സാരികൾ എന്നിവ ലഭ്യമാണ്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെരിപ്പുകളും മേളയിൽ ലഭ്യമാണ്. ഉത്തരാഖണ്ഡിന്റെ മനോഹരമായ നിറങ്ങളിൽ കല്ലുകളും മുത്തുകളും പതിപ്പിച്ച് കൈകൾ കൊണ്ട് നിർമ്മിച്ച കോലാപ്പൂരി ചെരുപ്പുകൾ സ്വന്തമാക്കാൻ നിരവധി പേരാണ് എത്തുന്നത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ,ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വർണ്ണാഭമായ ചെരുപ്പുകളും ഉണ്ട്.

ജാതിക്കയുടെ പുത്തൻ രുചികളുമായി ജെസിയും മായയും

ജാതിക്ക സിറപ്പ് മുതൽ ജാതിക്ക ചമ്മന്തി പൊടി വരെ പുതിയ രുചി വൈവിദ്ധ്യങ്ങളുമായി സരസിൽ ശ്രദ്ധ നേടുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ ജെസി മാത്യുവും മായ തോമസും. ജാതിക്കയുടെ കുരു മുതൽ തൊണ്ട് വരെയുള്ളവകൊണ്ട് മൂല്യ വർദ്ധിത ഉത്പന്നങ്ങളാണിവർ നിർമ്മിക്കുന്നത്.

ജാതിക്കയിൽ നിന്ന് വ്യത്യസ്തമായ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞ ഒമ്പത് വർഷമായി പരീക്ഷണത്തിനും പ്രയത്‌നത്തിനും ഒടുവിൽ അലിയ നട്ട് മഗ് പ്രോജക്ട് എന്ന തങ്ങളുടെ സംരംഭം ശ്രദ്ധ നേടിയ സന്തോഷത്തിലാണ് ഇവർ. തിരുവനന്തപുരത്ത് നടന്ന കേരളീയത്തിൽ ജാതിക്ക രുചികൾ പരിചയപ്പെടുത്തി ശ്രദ്ധ നേടിയ ആത്മവിശ്വാസത്തിലാണ് പുതിയ രുചികൾ പരിചയപ്പെടുത്താൻ കൊച്ചിയിലേക്ക് എത്തിയത്. നിരവധി ആളുകളാണ് വ്യത്യസ്തമായ ജാതിക്ക വിഭവങ്ങളുടെ സ്വാദ് അറിയാൻ ഇവരുടെ സ്റ്റാളിലേക്ക് എത്തുന്നത്.