
കൊച്ചി: നടപ്പുവർഷം പതിമൂന്ന് തവണയാണ് സ്വർണ വില റെക്കാഡുകൾ ഭേദിച്ച് മുന്നേറ്റം നടത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിന് പവൻ വില റെക്കാഡ് ഉയരമായ 42,000 രൂപയിലായിരുന്നു.എന്നാൽ ഈ വർഷം ജനുവരി 24 ന് ഈ റെക്കാഡ് മറികടന്നാണ് സ്വർണം പുതുവർഷം തുടങ്ങിയത്. നടപ്പുവർഷം ഇതുവരെ പവന്റെ വിലയിൽ 6640 രൂപയുടെ വർദ്ധനയുണ്ട്. ഗ്രാമിന് 830 രൂപയും ഉയർന്നു. 2017 ജനുവരി ഒന്നിന് ഗ്രാമിന് 2645 രൂപ പവന് 21160 രൂപയുമായിരുന്നു വില. കഴിഞ്ഞ ആറ് വർഷത്തിനിടെ സ്വർണ വിലയിൽ 118 ശതമാനം വർദ്ധനയാണുണ്ടായത്. ഇക്കാലയളവിൽ രാജ്യാന്തര സ്വർണ വില ഔൺസിന് 1150 ഡോളറിൽ നിന്നും 2070 ഡോളറായി ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 23 ശതമാനം ഇടിവുണ്ടായെങ്കിലും സ്വർണം മികച്ച നേട്ടമുണ്ടാക്കി.
അഡ്വ.എസ്.അബ്ദുൽ നാസർ,
സംസ്ഥാന ട്രഷറർ,
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ