മൂവാറ്റുപുഴ: ജനങ്ങളുടെ അവകാശങ്ങൾ പിടിച്ചെടുക്കുന്ന ഭരണകൂടം രാജ്യം ഭരിക്കുമ്പോൾ ആശങ്കയുടെ ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനും ബാലസാഹിത്യകാരനുമായിരുന്ന ഡി. ശ്രീമാൻ നമ്പൂതിരിയുടെ സ്മരണാർത്ഥം മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്താകെ പരാജയപ്പെട്ട ഏകാധിപത്യവും അക്രമ പ്രവർത്തനങ്ങളും ഇന്ത്യയിൽ തിരിച്ചു വരുന്ന സ്ഥിതിയാണ്. എന്ത് വിഷയം പഠിപ്പിക്കണമെന്നും ഓരോ മേഖലയിലും എന്ത് ചെയ്യണമെന്നും തീരുമാനിക്കുന്ന തരത്തിലുള്ള കേന്ദ്രീക്യത നിലപാട് ജനങ്ങൾക്ക് നിരാശയുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. എബനേസർ ഫൗണ്ടേഷന്റെ എൻഡോവ്‌മെന്റ് മുൻ എം.പി ഡോ. സെബാസ്റ്റ്യൾ പോൾ കെ.എഫ്.ബി. അന്ധ വനിത തൊഴിൽ പരിശീലന ഉല്പാദന കേന്ദ്രം പ്രതിനിധികൾക്ക് സമർപ്പിച്ചു. ഡോ. ജെ. പ്രസാദ്, എൽദോ എബ്രാഹാം, ടിവി.അനിത, കെ.പി. രാമചന്ദ്രൻ, കമാണ്ടർ സി.കെ.ഷാജി, ടി.എസ്. റഷീദ്, അജേഷ് കോട്ടമുറിയ്ക്കൽ, സി.കെ.ഉണ്ണി, കെ.എം.ദിലീപ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ സ്വാഗതവും കുമാരനാശാൻ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് നന്ദിയും പറഞ്ഞു.