
കൊച്ചി: കുസാറ്റിലെ ധിഷ്‌ണ ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും നാലുപേർ മരിച്ച ദുരന്തത്തിനു കാരണം സംഘാടനത്തിലെ പിഴവാണെന്ന റിപ്പോർട്ട് അംഗീകരിച്ച് സിൻഡിക്കേറ്റ് യോഗം. ഗുരുതര വീഴ്ചകൾക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയ ആറുപേർക്ക് സിൻഡിക്കേറ്റ് നോട്ടീസ് നൽകി. 15 ദിവസത്തിനകം മറുപടി നൽകണം.
കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് മുൻ പ്രിൻസിപ്പൽ ഡോ.ദീപക് കുമാർ സാഹു, സ്റ്റാഫ് കോ-ഓർഡിനേറ്റർ ബി.എസ്. ഗിരീഷ് കുമാരൻ തമ്പി, സ്റ്റാഫ് ട്രഷറർ എൻ. ബിജു, രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ അനൂറിൻ സലീം, ടെക്ഫെസ്റ്റ് സംഘാടകരായ മൂന്ന് വിദ്യാർത്ഥികൾ എന്നിവർക്കാണ് നോട്ടീസ്.
നവംബർ 25ലെ ദുരന്തം സംബന്ധിച്ച സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. മറുപടി ലഭിച്ച ശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ കേരളകൗമുദിയോട് പറഞ്ഞു.
സംഘാടനത്തിൽ
ഗുരുതര പിഴവ്
ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സഹായം തേടിയില്ല. പങ്കെടുക്കുന്നവരുടെ എണ്ണം കണക്കാക്കിയില്ല
സർക്കാർ നിർദ്ദേശത്തിനു വിരുദ്ധമായി സംഗീതപരിപാടി നടത്തിയതും പണപ്പിരിവ് നടത്തിയതും തെറ്റ്
പരിചയ സമ്പന്നരായ വോളണ്ടിയർമാർ ആൾക്കാരെ നിയന്ത്രിക്കാൻ ഇല്ലായിരുന്നു
നിയന്ത്രണം, പാസ് എന്നിവ സംബന്ധിച്ച് പുറമേ നിന്നുള്ളവർ അറിഞ്ഞിരുന്നില്ല