1

ഫോർട്ട്കൊച്ചി: കാർണിവൽ ആഘോഷങ്ങൾക്കായി ഒരുക്കിയ തോരണങ്ങൾ വാഹനയാത്രികർക്ക് അപകടക്കെണിയാകുന്നു . ഫോർട്ടുകൊച്ചി വെളി മുതൽ കമാലകടവ് വരെ റോഡിന് കുറുകെ കെട്ടിയ തോരണങ്ങളാണ് പൊട്ടി വീണ് താഴ്ന്ന് കിടന്ന് അപകടമൊരുക്കുന്നത്.

കെ.ബി. ജേക്കബ് റോഡടങ്ങുന്ന 40 അടി റോഡിന് കുറുകെ കെട്ടിയ തോരണങ്ങളിലെറെയും മതിയായ രീതിയിൽ വലിച്ചുകെട്ടിയില്ലെന്നാണ് പറയുന്നത് . ബസ് റൂട്ടും ഏറെ ഗതാഗത തിരക്കുമുള്ള റോഡാണിത് . 23 മുതലാണ് റോഡിൽ തോരണം കെട്ടി അലങ്കാരം തുടങ്ങിയത്. മുൻ കാലങ്ങളിൽ ഇരുമ്പു റോപ്പ് ഉപയോഗിച്ച് തോരണങ്ങൾ താഴ്ന്നു വരാതെയും പൊട്ടാതെയുമാണ് അലങ്കരിച്ചത്.ഒപ്പം നക്ഷത്ര വിളക്കുകളും ഒരുക്കിയിരുന്നു .ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത്തവണത്തെ അലങ്കാരങ്ങളെന്ന് പരിസരവാസികൾ പറയുന്നു കഴിഞ്ഞ ദിവസം പൊട്ടിവീണ തോരണത്തിൽ കുടുങ്ങി ഇരുചക്ര വാഹന യാത്രികരായ ദമ്പതികൾ അപകടത്തിൽപ്പെട്ടിരുന്നു. ബസുകൾ കടന്നു പോകുമ്പോഴും ഇവ താഴെ പൊട്ടിവീഴുന്നു.

റോഡിന് കുറുകെ അർച്ചുകൾ പാടില്ലെന്ന നിർദ്ദേശങ്ങളിരിക്കെ നവവത്സരാഘോഷ വേളയിൽ തോരണങ്ങൾ കെട്ടുന്നതിനെ അധികൃതർ ശ്രദ്ധിക്കാറില്ല.