കൊച്ചി: നഗരത്തിലെ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി 2024 ജൂണോടെ പൂർത്തിയാകും. കഴിഞ്ഞ നവംബർ 15നാണ് പദ്ധതി ആരംഭിച്ചത്. കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ 40 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 40400 എൽ.ഇ.ഡി ലൈറ്റുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. 2000 സ്മാർട്ട് എനർജി മീറ്റർ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
ഐ.സി ഫോറുമായി ബന്ധപ്പെടുത്തി ഗ്രൂപ്പ് കൺട്രോൾ സംവിധാനത്തിലൂടെ നഗരത്തിലെ വിളക്കുകളെ നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും വിളക്കുകൾക്കു കേടുപാടുകൾ സംഭവിച്ചാൽ മനസിലാക്കി ഉടനടി പരിഹാരിക്കാനും സാധിക്കും. വൈദ്യുതി മന്ത്രാലയം നിർദ്ദേശിക്കുന്ന ഏറ്റവും ആധുനികമായ ഊർജ്ജ കാര്യക്ഷമതയുള്ള 150 ലുമെൻസ് പെർ വാട്ട് നിലവാരത്തിലുള്ള വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഊർജ്ജ ഉപഭോഗം കുറയുന്നതോടെ വൈദ്യുതി നിരക്ക് കുറയ്ക്കാനാകും.
7 വർഷം വാറന്റി
ഏഴുവർഷം വരെ വാറണ്ടിയും ഇതിൽ അഞ്ചു വർഷം വരെ പ്രവർത്തനവും പരിപാലനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ എല്ലാ റോഡുകളിലും പുതിയ ലൈറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നുണ്ട്. ഇതിൽ 2263 പ്രാദേശിക റോഡുകളും 102 പ്രധാന റോഡുകളും 223 ചെറിയ റോഡുകളും 3 സംസ്ഥാനപാതയും 3 ദേശീയപാതയും ഉൾപ്പെടെ 773 കിലോമീറ്ററിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലെ വൈദ്യുതി ബില്ലിന്റെ ഒരു മാസത്തെ ശരാശരി തുക കണക്കാക്കിയാൽ ഏകദേശം ഒരു കോടിയാണ്. എന്നാൽ പുതിയ പദ്ധതി വരുന്നതോടെ ഇത് 29 ലക്ഷം രൂപയായി കുറയും. ഒരു വർഷത്തിൽ ഏകദേശം ഒമ്പതുകോടി രൂപയോളം ലാഭിക്കാൻ സാധിക്കും. കൂടാതെ പരിപാലന ഇനത്തിൽ കോർപ്പറേഷന് വരുന്ന ചെലവിൽ ആദ്യ അഞ്ചുവർഷത്തിൽ 2.5 കോടി രൂപ വീതം ലാഭിക്കാൻ സാധിക്കും. അതുകൂടി കണക്കാക്കിയാൽ 11.5 കോടി രൂപയാണ് കോർപ്പറേഷന് ഒരു വർഷത്തിൽ ഉണ്ടാകുന്ന ലാഭം. ഈ പദ്ധതി വരുന്നതോടെ വൈദ്യുതി ബില്ലിനത്തിൽ തന്നെ പദ്ധതിയുടെ മുടക്കു മുതലും ലാഭവും കോർപ്പറേഷന് ലഭ്യമാകും. ഓരോ റോഡിന്റെയും സ്വഭാവവും ഘടനയും അനുസരിച്ചാണ് വൈദ്യുതി വിളക്കുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. 20 വാട്ട്സ്, 36 വാട്ട്സ്, 50 വാട്ട്സ്, 70 വാട്ട്സ്, 110 വാട്ട്സ്, 220 വാട്ട്സ് എന്നീ വാട്ടേജുകളിലുള്ള വൈദുതി വിളക്കുകളാണ് സ്ഥാപിക്കുന്നത്.