cat

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഷീ ലോഡ്ജിന്റെ മൂന്നാം നിലയിലെ പാരപ്പെറ്റിൽ നാലുദിവസം കുടുങ്ങിക്കിടന്ന പൂച്ചയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഷീ ലോഡ്ജിലെ ജീവനക്കാരും മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷന്റെ പ്രവർത്തകരും ചേർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ പൂച്ചയെ രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷീ ലോഡ്ജിൽ തന്നെ സുരക്ഷിതമായി ഇറക്കിവിട്ടു.
ജീവനക്കാർ അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ ഒൻപതോടെ ഫയർഫോഴ്‌സ് സംഘം എത്തിയിരുന്നു. കെട്ടിടം അലുമിനിയം പാനൽ ഉപയോഗിച്ച് പൊതിഞ്ഞിട്ടുള്ളതിനാൽ മുൻഭാഗത്തു നിന്ന് രക്ഷാപ്രവർത്തനം സാദ്ധ്യമായിരുന്നില്ല. ഉള്ളിൽ നിന്ന് ജനാലക്കമ്പികൾ മുറിച്ച് മാറ്റി പാരപ്പെറ്റിലേക്ക് ഇറങ്ങുകയെന്നതായിരുന്നു മാർഗം. ഇതിന് കോർപ്പറേഷനിൽ നിന്ന് അനുമതി വൈകിയതോടെ ഫയർഫോഴ്‌സ് സംഘം മടങ്ങി. ഇതിനു ശേഷമാണ് ദയ സംഘം എത്തി പൂച്ചക്കുട്ടിയെ രക്ഷിച്ചത്.