
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'യന്തിര'നിൽ ഇത് കണ്ടതാണ്. നിർമിത ബുദ്ധി കൊണ്ട് നിർമ്മിച്ച ഒരു
റോബോ വിനാശകാരിയാകുന്നത്. നിർമ്മിത ബുദ്ധി മാത്രമായിരുന്നപ്പോൾ ചിട്ടി റോബോ ഉപകാരിയായിരുന്നു.
എന്നാൽ അവന് മനുഷ്യസഹജമായ വികാരങ്ങൾ കൈവന്നപ്പോഴാണ് പിടിവിട്ടത്.
യന്തിരനിൽ മാത്രമല്ല, പല സിനിമകളിലും നോവലുകളിലും സമാന പ്രമേയമുണ്ട്. 'മജ്ജയും മാംസ'വുമുള്ള യന്തസംവിധാനങ്ങൾ ഫിക്‌ഷനാണ് ഇതുവരെ. എന്നാൽ അത് യാഥാർത്ഥ്യമാക്കാൻ തലപുകയുകയാണ് ഫ്യൂച്ചർ ടെക്നോളജിസ്റ്റുകൾ. മനുഷ്യന് പകരം വയ്ക്കാവുന്ന നിർമ്മിതബുദ്ധിക്ക് എ.ജി.ഐ. എന്നാണ് ഓമനപ്പേര്. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്... എ.ഐയുടെ അടുത്തതലമുറ.
ഐ.ടി ലോകത്തെ
ചർച്ച, ഉത്കണ്ഠയും
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് പുതുവർഷത്തിൽ അവതരിക്കുമോ എന്നതാണ് നിലവിൽ ഐ.ടി. ലോകത്തെ ചർച്ച. റിലയൻസിന്റെ 'ഭാരത് ജി.പി.ടി'യുടെ വിവരങ്ങൾ പുറത്തുവിട്ട ആകാശ് അംബാനി എ.ജി.ഐ.യുടെ സാദ്ധ്യതകളേക്കുറിച്ച് വാചാലനായിരുന്നു. 'കേരളകൗമുദി' കഴിഞ്ഞദിവസം കൊച്ചിയിൽ നടത്തിയ 'പവറിംഗ് കേരള' കോൺക്ലേവിലും എ.ജി.ഐ. ചർച്ചയായി. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ എ.ജി.ഐ. ഏറ്റെടുത്താൽ ജീവിതക്രമം മാറിമറയുമെന്ന ആശങ്കയാണ് വിദഗ്ദ്ധർ പങ്കുവച്ചത്. ഗുണങ്ങളേക്കാൾ ഏറെ ദോഷങ്ങളുണ്ടായേക്കാം. നിലവിലെ പല തൊഴിൽ മേഖലയും അപ്രത്യക്ഷമാകാനിടയുണ്ട്. ഇതുവരെ കേട്ടുകേൾവിയില്ലാത്ത അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതുവരെ കാണാത്ത കാഴ്ചകളും ഉപയോഗിക്കാത്ത ഉത്പന്നങ്ങളും ഉണ്ടാകും. അതിൽ ചിലത് ഉപകാരപ്രദവും പലതും വിനാശകരവുമായേക്കും. ഇതെല്ലാം നമ്മുടെ ഊഹങ്ങൾ മാത്രമാണ്. എ.ജി.ഐ. എത്തുമ്പോഴേ അതിന്റെ തനിനിറം അറിയൂ. വികാരങ്ങളുള്ള റോബോട്ടുകളും ചാറ്റ് ബോട്ടുകളെത്താൻ വർഷങ്ങളെടുക്കുമെന്ന് പറയുന്ന ഗവേഷകരുണ്ട്. ഉടൻ സംഭവിക്കുമെന്ന് കരുതുന്നവരുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
എ.ജി.ഐ
എന്ന അതിവിപ്ലവം
നിർമ്മിത ബുദ്ധിയിൽ നമ്മളിൽപ്പലരും സാക്ഷരത നേടുന്നതേയുള്ളൂ. ചാറ്റ് ജി.പി.ടിയൊക്കെ കൈകാര്യം ചെയ്യുന്നവർ ചുരുക്കം. കോഴിക്കോട്ടെ എ.ഐ. ചാറ്റിംഗ് തട്ടിപ്പ്, രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക് വിഡിയോ എന്നിവ കേട്ട് മുതിർന്ന തലമുറ അന്തംവിട്ടു. അതേസമയം ഇന്റർനെറ്റിലും മൊബൈലിലും സേർച്ച് എൻജിനുകളിലുമെല്ലാം എ.ഐ. വരുത്തിയ മാറ്റങ്ങൾ അനുഭവിച്ചറിയാനാകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽത്തന്നെ ഉപകാരപ്രദമായ പുതിയ പരീക്ഷണങ്ങൾ തുടരുകയാണ്. മുഖം നോക്കി രോഗാവസ്ഥ പറയാനും ഇറച്ചിയും ധാന്യങ്ങളുമെല്ലാം ലാബിൽ കൃത്രിമമായി സൃഷ്ടിക്കാനുമെല്ലാം ഭാവിയിൽ നിർമ്മിത ബുദ്ധി കൊണ്ട് സാധിക്കും. ഇതുകൊണ്ട് നഷ്ടമാകുന്ന തൊഴിലവസരങ്ങളേക്കുറിച്ചുള്ള ഉത്കണ്ഠകൾ മറുഭാഗത്തുണ്ട്. ഈയിടെ ഹോളിവുഡിൽ തിരക്കഥാകൃത്തുക്കൾ സമരത്തിനിറങ്ങിയ കാര്യം കൂടി ഇതോട് ചേർത്തുവായിക്കേണ്ടതാണ്. എ.ഐയ്ക്കെതിരേ കൂടിയായിരുന്നു ഇവരുടെ പ്രതിഷേധം. സിനിമയ്ക്കും സീരീസുകൾക്കും കഥാതന്തു കണ്ടെത്താൻ ചില പ്രൊഡക്ഷൻ കമ്പനികൾ ചാറ്റ് ബോട്ടുകളെ ഉപയോഗിച്ചു. ഇത് തങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്ന പണിയാണെന്നാണ് ഹോളിവുഡ് എഴുത്തുകാർ ആരോപിക്കുന്നത്. അതേസമയം എ.ഐ. നിലവിൽ ഒരു ഭീഷണിയല്ല. കാരണം ചെയ്യുന്ന കാര്യങ്ങൾക്ക് പിന്നിൽ മനുഷ്യപ്രയത്നമുണ്ട്. എ.ഐയുടെ കടിഞ്ഞാൺ ഇപ്പോഴും മനുഷ്യന്റെ കയ്യിലാണെന്നർഥം. പക്ഷേ എ.ജി.ഐ അങ്ങനെയാകില്ല. മനസുവായിച്ചും സ്വയം ചിന്തിച്ചും അത് പണിനടത്തും. മനുഷ്യജീവിതത്തെ അടിമുടി സ്വാധീനിക്കും. അടിമയാക്കുകയും ചെയ്യും. കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് ഇവിടെ റോളില്ല. അതായത് നമ്മളൊന്നും ചെയ്യേണ്ടതില്ല. ടെക്നോളജി നമുക്കുവേണ്ടി എല്ലാം ചെയ്തുകൊള്ളും. അതിൽ ട്രാക്കൊന്നുതെറ്റിയാൽ ജീവിതം എന്താകും?
പുതുതലമുറയ്ക്ക്
ആവേശം
കടന്നുപോകുന്ന തലമുറയിൽ അക്ഷരം പഠിച്ചവരും പഠിക്കാത്തവരുമെന്നായിരുന്നു പ്രധാന വിവേചനം. എന്നാൽ ഇപ്പോൾ വിവരസാങ്കേതികതയുടെ അടിസ്ഥാനത്തിലാണ് വിഭജനം.
കുട്ടികൾ ഫ്യൂച്ചർ ടെക്നോളജിയുടെ സ്വാധീനവലയത്തിലാണ്. അവരുടെ പാഠശാല മണ്ണും പ്രകൃതിയുമല്ല. ഡിജിറ്റൽ സ്ക്രീനുകളാണ്. എ.ജി.ഐ. തുടങ്ങിയ കാര്യങ്ങളെ അവർ ആവേശത്തോടെയാണ് കാണുന്നത്. ഇവിടെ പിൻതള്ളപ്പെടുന്നത് മുതിർന്ന തലമുറയാണ്. ഇ- ഫയലിംഗും ഓൺലൈൻ പേമെന്റും നിർബന്ധമാക്കിയപ്പോൾ പകച്ചുനിന്നവരാണ്. അന്ന് സഹായിക്കാൻ കൊച്ചുമക്കളോ അക്ഷയ കേന്ദ്രങ്ങളോ ഉണ്ടായിരുന്നു. നിർമ്മിത ബുദ്ധി ജീവിതചര്യകളെത്തന്നെ സ്വാധീനിക്കുമ്പോൾ മുതിർന്നവർ എന്തു ചെയ്യും? തീർത്തും നിരാശപ്പെടേണ്ടതില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വയോധികരുടെ പരിപാലനത്തിലടക്കം എ.ഐ. പദ്ധതികൾ തയാറാണ്.
ഗവേഷണങ്ങൾ
അതിവേഗം
ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസ് യാഥാർത്ഥ്യമാക്കാനുള്ള ഗവേഷണങ്ങൾ അതിവേഗം മുന്നേറുകയാണ്.
പക്ഷേ അത് എന്ന് സംഭവിക്കുമെന്നു പറയാനാകില്ല. ചാറ്റ് ജി.പി.ടിയുടെ സ്രഷ്ടാവ് സാം ആൾട്ടർമാൻ ഓപ്പൺ എ.ഐ. കമ്പനിയിൽ നിന്ന് പുറത്തായതും അതേ സ്പീഡിൽ തിരിച്ചുകയറിയതും വാർത്തയായിരുന്നു. ഈ രംഗത്തെ അഗ്രഗണ്യനായ ആൾട്ടർമാനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ലെന്ന് കമ്പനി തിരിച്ചറിഞ്ഞതുകൊണ്ടാണിത്. ഗൂഗിൾ ഡീപ്മൈൻഡ്, മെറ്റ തുടങ്ങിയ സ്ഥാപനങ്ങളും റിസേർച്ചിലാണ്. 'ടെക്കികൾ തന്നോട് ഏറ്റവുമധികം ചോദിക്കുന്നത് എ.ജി.ഐ. എന്നുവരുമെന്നാണ്.' സാം ആൾട്ടർമാൻ പറയുന്നു. അല്പം കൂടി ക്ഷമകാട്ടൂ എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ടെക്നോളജിയുടെ വികാസത്തെ ഭയക്കേണ്ടതില്ലെന്നാണ് ഇത്തരം ഗവേഷകരുടെ നിലപാട്. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിലടക്കം മനുഷ്യരാശിയെ സഹായിക്കാൻ അതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. എ.ജി.ഐയും മറ്റും അതിരുവിട്ടാൽ സമൂഹം അത് തിരുത്തുമെന്നാണ് പ്രത്യാശ. വിവരസാങ്കേതിക വിദ്യ 'നല്ല ലോകം' എന്ന ആശയത്തിനായി സമന്വയിക്കുമെന്നും പ്രതീക്ഷിക്കാം.
മനുഷ്യന് പകരം വയ്ക്കാവുന്ന നിർമിതബുദ്ധി. അതാണ് ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസ്. 'ഭാരത് ജി.പി.ടി'യുടെ വിവരങ്ങൾ പുറത്തുവിട്ട ആകാശ് അംബാനി എ.ജി.ഐ.യുടെ സാദ്ധ്യതകളേക്കുറിച്ച് വാചാലനായിരുന്നു. 'കേരളകൗമുദി' കഴിഞ്ഞദിവസം കൊച്ചിയിൽ നടത്തിയ 'പവറിംഗ് കേരള' കോൺക്ലേവിലും എ.ജി.ഐ. ചർച്ചയായി.