
കൊച്ചി: പി.ബി ചലഞ്ചേഴ്സ് അക്കാഡമിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ഏഴിന് കുട്ടികൾക്കായി ഡാഷിംഗ് ജൂനിയേഴ്സ് റൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാക്കനാട് ഇൻഫോപാർക്ക് എക്സ്‌പ്രസ് വേയിൽ അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ ആറുമുതൽ 15 വയസുവരെ പ്രായമുള്ള 150 പേർ പങ്കെടുക്കും. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബി ഫ്ലാഗ് ഓഫ് ചെയ്യും. സമ്മാനദാന ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള, കൗൺസിലർ എം.ഒ. വർഗീസ് എന്നിവർ സംസാരിക്കും. 100 കിലോമീറ്റർ ട്രയൽ അൾട്രാ മാരത്തൺ വിജയകരമായി പൂർത്തിയാക്കിയ വിജയൻ പിള്ള, ജിതിൻ പോൾ, രാജേഷ് മോഹൻ, അനന്ത് ശങ്കർ എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പ്രദീപ്കുമാർ മേനോൻ, ബിനീഷ് തോമസ്, ജിബി പീറ്റർ ഡിക്രൂസ്, പോൾ പടിഞ്ഞാറേക്കര എന്നിവർ പങ്കെടുത്തു.