y

തൃപ്പൂണിത്തുറ: യു.ടേൺ സംവിധാനം മാറ്റിയിട്ടും ആദംപള്ളിക്കാവിലെ അപകടങ്ങളും ദുരിതവും ഒഴിയുന്നില്ല. എസ്.എൻ ജംഗ്ക്ഷന് സമീപം അലയൻസ് ജംഗ്ഷനിലെ യു ടേൺ വടക്കേക്കോട്ട ആദംപിള്ളിക്കാവിലേക്ക് ജൂണിൽ പരീക്ഷണാടിസ്ഥാനത്തിലാണ് മാറ്റി സ്ഥാപിച്ചത്. 2022 നവംബറിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് യുടേൺ മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചത്.

മെട്രോ അധികൃതർ,​ വാർഡ് കൗൺസിലർമാർ, ട്രാഫിക് യൂണിറ്റ് എന്നിവരെ ഉൾപ്പെടുത്തി നഗരസഭാദ്ധ്യക്ഷ വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ വടക്കേകോട്ട എസ്.എൻ ജംഗ്ഷൻ മെട്രോ റോഡിൽ വലിയ വാഹനങ്ങൾ വളയ്ക്കാൻ പര്യാപ്തമായ വീതി ഇല്ലാത്തതിനാലും അപകടങ്ങൾ വർദ്ധിച്ചതിനാലും യുടേൺ ഫലപ്രദമാകില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ തീരുമാനം പുന: പരിശോധിക്കാൻ തയ്യാറായില്ല.

എരൂർ ഭാഗത്തേക്കുള്ള ബസുകളും വലിയ വാഹനങ്ങളും റോഡിന് വീതിയില്ലാത്തതിനാൽ സ്ഥിരമായി അമ്പലത്തിന് മുന്നിലുള്ള ഫുട്പാത്തിലേക്ക് കയറ്റിയാണ് യു ടേണിൽ റിവേഴ്‌സ് ചെയ്യുന്നത്. ഇതിനാൽ പുറകിലുള്ള വാഹനങ്ങളിൽ തട്ടി പലപ്പോഴും അപകടങ്ങളുണ്ടാകുന്നു.

ക്രിസ്മസ് ദിനത്തിൽ മരുന്നു വാങ്ങാൻ നടന്നുപോയ റിട്ട. അദ്ധ്യാപകൻ വടക്കേ കോട്ടയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. സ്‌കൂൾ കുട്ടികളും വയോജനങ്ങളും അധികം ഉപയോഗിക്കുന്ന ഈ ക്രോസിംഗിൽ സീബ്ര ലൈനോ ട്രാഫിക് വാർഡനോ ഇല്ല.

ഇരുമ്പനത്തു നിന്നും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഏകദേശം ഒരുകിലോമീറ്റർ അധികം യാത്ര ചെയ്ത് ആദംപിള്ളിക്കാവിലെ യുടേൺ ചുറ്റിയാണ് എരൂർക്ക് പോകുന്നത്.

' നിലവിലെ പരിഷ്‌കാരം ഫലപ്രദമല്ല. മെട്രോ നിർമ്മാണം തുടങ്ങിയപ്പോൾ ഒഴിവാക്കിയ എസ്.എൻ ജംഗ്ഷനിലെ സിഗ്‌നൽ സംവിധാനം പുന:സ്ഥാപിക്കണം.

അലയൻസ് ജംഗ്ഷനിലെ യു ടേൺ തുറക്കുകയും തേവരക്കാവ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്താൽ നിലവിലെ പ്രശ്‌നങ്ങൾക്ക് പൂർണ പരിഹാരമാകും.'

പി.കെ.പീതാംബരൻ

പ്രതിപക്ഷ നേതാവ്

തൃപ്പൂണിത്തുറ നഗരസഭ.