
മൂവാറ്റുപുഴ : സർക്കാർ അനുമതി നൽകിയിട്ടും പൊതുജനാരോഗ്യ സംരക്ഷണ രംഗത്തെ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സ്ഥാനക്കയറ്റം ചുവപ്പ് നാടയിൽ കുരുങ്ങി ഇഴയുന്നു.
ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികളിൽ സേവനം അനുഷ്ഠിച്ച് വരുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമാണ് നടപ്പാകാത്തത്. 7 മാസമായി 130 ഓളം ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
കോടതി നിർദേശം നൽകിയെങ്കിലും സർക്കാർ ഉത്തരവ് ഇറങ്ങാൻ കാലതാമസം നേരിട്ടു. സർക്കാർ ഉത്തരവ് ഇറക്കിയപ്പോഴാകട്ടെ ആരോഗ്യ വകുപ്പ് ഡയറക്ട്രറേറ്റ് മുഖം തിരിച്ചു. 2023 നവംബർ 7 ന് ഉത്തരവ് ഇറങ്ങിയെങ്കിലും ഇതുവരെ
പ്രൊബേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടില്ല. സ്ഥാനക്കയറ്റം വൈകിപ്പിക്കുന്നതിന് പിന്നിൽ ഡി.എച്ച്.എസിലെ ഉദ്യോഗസ്ഥരാണെന്ന പരാതി വ്യാപകമാണ്.
പഞ്ചായത്തുകൾ ദുരിതത്തിൽ
പഞ്ചായത്തിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിക്കേണ്ട ചുമതല ഇവർക്കാണ്. പലയിടത്തും രണ്ടുപഞ്ചായത്തുകളിലും കൂടി ഒരു തസ്തികയാണുള്ളത്. ഇതുകൂടി കണക്കാക്കിയാൽ 200 പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഇല്ല. നാല്പതോളം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയും 7 മാസമായി ഒഴിഞ്ഞു കിടക്കുന്നു.
90 ഹെൽത്ത് സൂപ്പർവൈസർ തസ്തികയിൽ മാത്രമാണ് പ്രൊബേഷൻ നടപടികൾ പൂർത്തിയാവാനുള്ളത്. പക്ഷെ ഹെൽത്ത് സൂപ്പർവൈസർ തസ്തികയിൽ പ്രൊമോഷൻ നടത്തിയതിനു ശേഷമേ താഴെയുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയിൽ പ്രൊമോഷൻ നടത്തൂവെന്നാണ് ആരോഗ്യ ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.