
കൊച്ചി: ഗർഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുള്ളതിനാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന് ഹൈക്കോടതി. 30 ആഴ്ച പിന്നിട്ട ഗർഭസ്ഥശിശുവിന് വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന കാരണത്താൽ അബോർഷന് അനുമതി തേടി ദമ്പതികൾ നൽകിയ ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ഗർഭസ്ഥശിശുവിന്റെ വളർച്ച 24 ആഴ്ച പിന്നിട്ടാൽ അബോർഷന് കോടതിയുടെ അനുമതി വേണം.
ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന സ്വകാര്യ ആശുപത്രി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെയും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടുകൾ തേടിയിരുന്നു. ശിശുവിന് ഗുരുതര പ്രശ്നങ്ങളില്ലെന്നായിരുന്നു രണ്ട് മെഡിക്കൽ ബോർഡുകളുടെയും റിപ്പോർട്ട്.