മൂവാറ്റുപുഴ: കൊച്ചി- ധനുഷ്കോടി എൻ.എച്ച് 85ന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ അവലോകന യോഗം ചേർന്നു. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിച്ചു. നിലവിൽ 10 മീറ്റർ വീതിയുള്ള സ്ഥലങ്ങളിൽ നിർമ്മാണം തുടങ്ങാൻ യോഗത്തിൽ ധാരണയായി. മുഴുവൻ പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്ത് പരമാവധി വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് യോഗത്തിൽ എം.പി പറഞ്ഞു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, പഞ്ചായത്ത് അംഗങ്ങൾ, ആർ.ഡി.ഒ , മൂവാറ്റുപുഴ, കോതമംഗലം മുനിസിപ്പൽ കൗൺസലർമാർ, തഹസിൽദാർ അസ്മാ ബീവി, സർവേയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.