
കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ ആയിരങ്ങൾ തടിച്ചുകൂടുന്ന കൊച്ചിൻ കാർണിവലിന് ആൾക്കൂട്ട പരിപാടികൾക്കിടെയുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിക്കും തിരക്കും ഒഴിവാക്കാൻ മുന്നറിയിപ്പും നിരീക്ഷണവും നിയന്ത്രണങ്ങളും കടുപ്പിക്കും.
ആംബുലൻസിന് കടന്നുപോകാൻ പ്രത്യേക സൗകര്യങ്ങൾ, പൊലീസ് പരിശോധന എന്നിവയടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കയത്. നാളെ വൈകിട്ട് നാലുവരെ മാത്രമേ വൈപ്പിനിൽ നിന്ന് റോറോ ജങ്കാർ സർവീസുകളും വാഹനങ്ങളും ഫോർട്ടുകൊച്ചിയിലേക്ക് അനുവദിക്കൂ. പൊതുജനങ്ങൾക്കായി ഏഴു വരെയും റോറോ സർവീസ് ഉണ്ടാവും. 12 നുശേഷം റോ-റോ സർവീസ് പുനരാരഭിക്കും. ഫോർട്ടുകൊച്ചിയിൽ ജനത്തിരക്ക് കൂടിയാൽ നാലിന് മുമ്പ് തന്നെ സ്വിഫ്റ്റ് ജംഗ്ഷൻ, ബി.ഒ.ടി, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, കുമ്പളങ്ങി-പഴങ്ങാട്, കണ്ടക്കടവ് എന്നിവടങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള ഗതാഗതം ക്രമപ്പെടുത്തും. തിരക്ക് ഒഴിവാക്കാൻ രാത്രി ഒന്നുവരെ കലാപരിപാടികൾ ഉണ്ടാകുമെന്ന് സബ് കളക്ടർ കെ. മീര, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., കെ.ജെ. മാക്സി എം.എൽ.എ എന്നിവർ പറഞ്ഞു.
പ്രത്യേക ബസ് സർവീസ്
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ മട്ടാഞ്ചേരി കൊച്ചിൻ കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന താത്കാലിക ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കണം. ഹോർട്ടുകൊച്ചിയിൽ നിന്ന് മടങ്ങി പോകുന്നവർക്ക് കൊച്ചിൻ കോളേജ് ഗ്രൗണ്ടിലെത്തി അവിടെ നിന്ന് ബസിൽ തോപ്പുംപടി, എറണാകുളം ഭാഗത്തേയ്ക്ക് പോകാം. കൊച്ചിൻ കോളേജ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ പാണ്ടിക്കുടി-സ്റ്റാച്യൂ ജംഗ്ഷൻ-കുമാർ പമ്പ് ജംഗ്ഷൻ-പരിപ്പ് ജംഗ്ഷൻ വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേയ്ക്ക് തിരിച്ച് സർവീസ് നടത്തും
പരേഡ് ഗ്രൗണ്ടിൽ ക്രമീകരണം
പരേഡ് ഗ്രൗണ്ടിന്റെ ഉൾഭാഗം ശക്തമായ രീതിയിൽ ബാരിക്കേഡ് ചെയ്ത് നാല് വിഭാഗങ്ങളായ തിരിച്ച് ഓരോന്നിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. ഓരോന്നിലും പൊലീസിനെ വിന്യസിപ്പിക്കും. പരേഡ് ഗ്രൗണ്ടിൽ രണ്ടു വാച്ച് ടവർ സ്ഥാപിച്ച് ജനക്കൂട്ടത്തെ നിരീക്ഷിക്കും. സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കും. വൈദ്യുതി മുടങ്ങിയാൽ വെളിച്ചത്തിന് അസ്കാലൈറ്റുകൾ സ്ഥാപിക്കും. ജനറേറ്റർ റൂമിൽ പൊലീസ് സുരക്ഷ ഉറപ്പാക്കും. 12 മണിക്ക് മുമ്പുതന്നെ പുറത്തേക്കുള്ള യാത്ര സുഗമമാക്കുന്നതിന് എല്ലാ ബാരിക്കേഡുകളും മാറ്റി നിയന്ത്രണങ്ങൾ ഒഴിവാക്കും.
മെഡിക്കൽ സേവനം
പരേഡ് ഗ്രൗണ്ടിന്റെ നാലു വശങ്ങളിലും വെളി ഗ്രൗണ്ട്, വാസ്കോ സ്‌ക്വയർ, കമാലക്കടവ് എന്നിവിടങ്ങളിൽ ആംബുലൻസ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഫോർട്ട്കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും ഫിഷറീസ് വകുപ്പിന്റെ വാട്ടർ ആംബുലൻസ് സേവനവും ഉണ്ടാവും. പരേഡ് ഗ്രൗണ്ടിന് സമീപം താത്കാലിക ആശുപത്രി സജ്ജീകരിക്കും. ഫയർ ഫോഴ്‌സ് വാഹന സൗകര്യവും സ്‌ക്യൂബാ ടിം,ബോട്ട് പെട്രോളിംഗ് എന്നിവയും ഏർപ്പെടുത്തും.