തൃപ്പൂണിത്തുറ: പൂണിത്തുറ മുക്കോട്ടിൽ ടെമ്പിൾ റോഡ്, ഇരുമ്പ് പാലം, ഗാന്ധി സ്ക്വയർ പ്രദേശങ്ങളിൽ പകൽ സമയത്ത് വൈദ്യുതി മുടക്കം പതിവായി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് വൈദ്യുതി നിലയ്ക്കുന്നത്. ഏതാനും ദിവസങ്ങളായി പകൽ സമയത്ത് പല തവണ വൈദ്യുതി പോകുന്നു. ബന്ധപ്പെട്ട വൈദ്യുതി ഓഫീസിലേക്ക് (വൈറ്റില) വിളിച്ചാൽ കൃത്യമായ മറുപടിയില്ല. ചെറുകിട കച്ചവടക്കാരാണ് ഇതുമൂലം ഏറെ കഷ്ടതയനുഭവിക്കുന്നത്. പാല്, തൈര് എന്നിവ പെട്ടെന്ന് കേടാകുന്നു.

വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ചെറുകിട യൂണിറ്റുകൾക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് പൂണിത്തുറ മുക്കോട്ടിൽ ടെമ്പിൾ റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റോയ് തെക്കൻ ആവശ്യപ്പെട്ടു.

വൈദ്യുതിയുടെ ഉപഭോഗം കൂടിയതിനാൽ ട്രാൻസ്ഫോർമറിന് അമിത ഭാരം വഹിക്കാൻ കഴിയുന്നില്ലെന്നും പല ട്രാൻസ്ഫോർമറുകളും മാറ്റി വയ്ക്കേണ്ട സ്ഥിതിയിലാണെന്നും വൈറ്റില ഇലക്ട്രിക്കൽ സെക്ഷൻ എ.ഇ പറഞ്ഞു. വീടുകളിൽ അധികമായി ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങളുടെ വിവരം സെക്ഷൻ ഓഫീസുകളിൽ എഴുതി നൽകാൻ നിർദേശിച്ചിട്ടും ഉപഭോക്താക്കൾ സഹകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളിലെ കണക്ടഡ് ലോഡിന്റെ വിവരം കിട്ടിയാലേ അതിന് ഉതകുന്ന ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ കഴിയൂ.