കൊച്ചി: കൊച്ചി കോർപ്പറേഷനിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാകും. തദ്ദേശ വകുപ്പിന്റെ കെ. സ്‌മാർട്ട് സംവിധാനം വഴിയാണ് മൊബൈൽ ആപ്ളിക്കേഷൻ ഉൾപ്പെടെ ഉപയോഗിച്ച് വീട്ടിലിരുന്നുതന്നെ സർട്ടിഫിക്കറ്റുകളും ലൈസൻസുകളും നേടാവുന്ന സൗകര്യം ഒരുക്കുന്നത്.

നഗരത്തിൽ ഏറെ കാലമായി ഉയർന്നുവന്ന വിമർശനമായിരുന്നു ജനന-മരണവിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ പോലും ഓൺലൈനായി ലഭിക്കുന്നില്ലെന്നത്. കൊവിഡ് കാലത്തുപോലും നഗരസഭാ ഓഫീസിൽ യാതൊരു കൊവിഡ് പ്രോട്ടോക്കോളോ സാമൂഹിക അകലമോ പാലിക്കാതെ നീണ്ട ക്യൂവിൽ ജനങ്ങൾ നിന്നത് ഏറെ വിമർശനങ്ങൾക്കിടയാക്കി. നിലവിൽ കൊച്ചി നഗരസഭാ ഡിജിറ്റലൈസേഷന്റെ ഭാഗമായി ജനന മരണവിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ടി.സി.എസ് ഡാറ്റയും ഐ.കെ.എമ്മും 2021 സെപ്തംബർ ഏഴു മുതലുള്ളവ പൂർണമായി കെ സ്മാർട്ട് ആപ്ലിക്കേഷൻ വഴി ലഭ്യമാക്കും. ജനനമരണവിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ പൊതുജനങ്ങൾക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു.

വസ്തുനികുതി ഓൺലൈനിൽ
ജനങ്ങൾക്ക് ഏറ്റവുമധികം സൗകര്യപ്രദമായ രീതിയിൽ ലഭിക്കേണ്ട സേവനമാണ് വസ്തു നികുതി. നിലവിൽ ലഭ്യമായിരുന്ന ഡിജിറ്റൽ ഡാറ്റാ മുഴുവനും ഘട്ടംഘട്ടമായി അപ്പ്‌ഡേറ്റ് ചെയ്യുകയും സാധാരണക്കാർക്ക് നഗരസഭാ ഓഫീസുകളിൽ വരാതെ തന്നെ ഓൺലൈനായി ടാക്‌സ് അടക്കുന്നതിനുളള സൗകര്യവും ലഭ്യമാക്കും. പൂർണമായി ഡിജിറ്റൽ സൈനോടുകൂടി വസ്തുനികുതി എവിടെ നിന്നും ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ പേയ്മെന്റ് സംവിധാനവും ഉണ്ടാകും. ഡി. ആൻഡ് ഒ ലൈസൻസും ഓൺലൈനാക്കി. ലൈസൻസ് നൽകുന്നത് ഓൺലൈൻ ആക്കും. 24,000 അപേക്ഷകൾ ഓൺലൈൻ വഴി പുതുക്കുകയും ചെയ്തു.

2013ന് മുമ്പുള്ള 1,97,796 വസ്തുനികുതിയും 2013ന് ശേഷമുള്ള 1,03,411വസ്തുനികുതിയും അടക്കം 3,01,207 എണ്ണം ഓൺലൈനിലാക്കി. സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായി കൊച്ചി നഗരസഭയുടെ കൗൺസിൽ നടപടി അടക്കം ഓൺലൈനാകുകയാണ്. കൊച്ചി നഗരസഭയിൽ എല്ലാ സോണൽ ഓഫീസുകളിലേക്കുമായി 150 ഡെസ്ക്ടോപ്, 350 ലാപ്ടോപ് എന്നിവ വാങ്ങി. 19 കോടി ചെലവിലാണ് സി.എസ്.എം.എൽ വഴി കെസ്മാർട്ട് ആപ്ലിക്കേഷൻ നിർമ്മിക്കുന്നത്.