പെരുമ്പാവൂർ: പെരുമ്പാവൂരിൽ പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ആസിഡ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന റയോൺപുരം സൗത്ത് വല്ലം റോഡിലെ ഉപ്പൂട്ടി പറമ്പിന് സമീപം നിന്ന് വിഷപ്പുക ഉയർന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. പുകശ്വസിച്ച പരിസരവാസികൾക്ക് ശ്വാസതടസവും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു.

റയോൺസ് കമ്പനി സർക്കാർ ഏറ്റെടുത്ത് സ്ഥാപക ജംഗമ വസ്തുക്കൾ ലേലത്തിൽ കൊടുത്തിരുന്നു. ഇതിന്റെ തുടർച്ചയായി ഇവ പൊളിച്ച് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കമ്പനി പ്രദേശത്ത് നിന്ന് വിഷപ്പുക ഉയർന്ന സാഹചര്യത്തിൽ 27ാം വാർഡ് കൗൺസിലർ ബീവി അബൂബക്കറിന്റെ നേതൃത്വത്തിൽ നാട്ടുകാർ കമ്പനിയിലെത്തുകയും അധികൃതരുമായി ചർച്ച നടത്തുകയും സ്ഥലം പരിശോധിക്കുകയുമുണ്ടായി.

കമ്പനിയിൽ 18 ടണ്ണിലധികം ആസിഡ് അവശേഷിക്കുന്നതായി കാട്ടി

മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പുറമെ സേവ് വല്ലം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനും പരാതി കൊടുത്തിരുന്നു. എന്നാൽ കമ്പനിയിലെ സാധനസാമഗ്രികൾ ലേലംകൊണ്ടവർ എത്തിച്ചേരാത്തതിനാൽ ആസിഡ് പ്ലാന്റിന്റെ പരിശോധന നടന്നിട്ടില്ല. ആസിഡ് പ്ലാന്റും ഭൂഗർഭ കുഴലുകളും ടാങ്കുകളും പരിശോധിക്കാൻ വിദഗ്ദ്ധരുടെ സേവനം ആവശ്യമാണ്. അതേസമയം, അപകടമേഖലകളിൽ ചുവന്ന റിബൺ കെട്ടി അടയാളപ്പെടുത്തിയതുമാത്രമാണ് ഇതുവരെ കൈക്കൊണ്ട ഏക മുൻകരുതൽ.