പറവൂർ: പറവൂർ നഗരസഭാ കൗൺസിൽ തീരുമാനം നടപ്പാക്കാത്തതിനെതിരെ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും സ്വതന്ത്രൻ ജോബി പഞ്ഞിക്കാരനും കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരത്തിലെ ഒരു ഹോട്ടലിലെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കാത്തതിൽ പ്രതിഷേധിച്ച രണ്ട് കൗൺസിലർമാർക്കെതിരെ ഹോട്ടൽഉടമയും കൂട്ടാളികളും ചേർന്ന് വധഭീഷണി മുഴക്കിയിരുന്നു. സംഭവത്തിൽ ഹോട്ടൽഉടമയ്ക്കും കൂട്ടാളികൾക്കുമെതിരെ നഗരസഭാ ചെയർപേഴ്സൺ പൊലീസിൽ പരാതി നൽകണമെന്ന് കൗൺസിൽ യോഗം ഐകകണ്ഠേന തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. രണ്ട് കൗൺസിലർമാരും പരാതി എഴുതി നൽകാതിരുന്നതിനാലാണ് പൊലീസിനെ സമീപിക്കാത്തതെന്ന് ചെയർപേഴ്സൺ പറഞ്ഞു. കൗൺസിലിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ ചെയർപേഴ്സൺ സെക്രട്ടറിക്ക് കത്ത് നൽകി. കൗൺസിലർമാരോട് അപമര്യാദയായി പെരുമാറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇതിനുശേഷമാണ് പ്രതിപക്ഷ കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം അവസാനിച്ചത്.