
കൊച്ചി: കൊച്ചിൻ ഫ്‌ളവർ ഷോയിലെത്തുന്ന കാണികളുടെ കണ്ണുകളെ പുളകം കൊള്ളിച്ച് പ്രാണിപിടിയൻ ചെടികൾ. പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് കൗതുക കാഴ്ചയാണ് പ്രാണിപിടിയൻ ചെടികളുടെ പ്രദർശനം. അഞ്ച് ഇരപിടിയിൻ ചെടികളുടെ ജനുസാണ് പുഷ്പ മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പിക്ചർ പ്ലാൻസ്, സൺ ഡ്യൂ, വീനസ് ഫ്‌ളൈ ട്രാപ്പ്, ട്രംപറ്റ് പിക്ചർ പ്ലാന്റ്, ബ്ലാഡർ വർട് തുടങ്ങിയ അഞ്ച് ജനുസിലെ അമ്പതോളം ഇനം പ്രാണിപിടിയിൽ ചെടികളാണ് മേളയിലുള്ളത്.
സസ്യലോകത്ത് എന്നും ഒരു അത്ഭുതമാണ് പ്രാണികളെയും മറ്റു ചെറുജീവികളെയും ആഹാരമാക്കുന്ന ഇത്തരം ഇനങ്ങൾ. ഇന്ത്യയിലെ വ്യത്യസ്ഥയിനങ്ങൾ, നാടൻ ഇനങ്ങൾ, പുറം രാജ്യങ്ങളിൽ നിന്ന് എത്തിച്ച സങ്കരയിനങ്ങൾ എന്നിവയാണുള്ളത്.
ചെക്ക് റിപ്പബ്ലിക്, തായാലാൻഡ്, ഇൻഡോനേഷ്യ, കാലിഫോർണിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിദേശയിനം പ്രാണിപിടിയൻ ചെടികൾ എത്തിച്ചിട്ടുള്ളത്.
ലക്ഷ്മി അശോക് കുമാർ എന്ന എറണാകുളം സ്വദേശിയാണ് ചെടികൾ വളർത്തുന്നത്. അഞ്ച് വർഷം മുമ്പാണ് പ്രാണിപിടിയൻ ചെടികൾ പരിപാലിക്കാൻ തുടങ്ങിയത്. യാത്രകൾ ഏറെ ഇഷ്ടമുള്ള ലക്ഷ്മി ഒരു ഇടുക്കി യാത്രയിലാണ് യാദൃശ്ചികമായി സൺ ഡ്യൂ എന്ന പ്രാണിപിടിയൻ ചെടി കാണുന്നത്. പിന്നീട് ഇതിന്റെ ആകൃതി കണ്ട് കൗതുകം തോന്നുകയും ഇതിനെ കുറിച്ച് കൂടുതൽ പഠിച്ച് ഒരു ചെടി വാങ്ങി വീട്ടിൽ പരിപാലിക്കാൻ തുടങ്ങി. കേരളത്തിൽ വളരെ വിരളമായി മാത്രം കിട്ടുന്നതിനാൽ വടക്കേ ഇന്ത്യയിൽ നിന്നും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിന്റെ വിത്തുകൾ വാങ്ങുകയായിരുന്നു.
പ്രതികൂല കാലാവസ്ഥ
കേരളത്തിലെ കാലാവസ്ഥ പ്രാണിപിടിയൻ ചെടികൾക്ക് അനുകൂലമാണ്. ജലസാന്ദ്രതയുള്ള കാലാവസ്ഥയാണ് ചെടികൾക്ക് ഏറ്റവും ഉചിതം. വളം ഉപയോഗിക്കരുത്. മറ്റ് ചെടികൾ നടുന്നത് പോലെ മണ്ണിൽ അല്ല പ്രാണിപിടിയൻ ചെടി നടുന്നത്. ചകിരിചോറും സ്പാഗ്‌നം മോസും ഉപയോഗിച്ചാണ് ഇവ നട്ടപിടിപ്പിക്കുന്നത്. ശുദ്ധമായ വെളളം മാത്രമെ ചെടികൾക്ക് നനയ്ക്കാവു.