ആലുവ: മുന്നണി ധാരണ ലംഘിച്ച് കടുങ്ങല്ലൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയെ സി.പി.എം പരാജയപ്പെടുത്തി. വൈസ് പ്രസിഡന്റായി മത്സരിച്ച സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം അബ്ദുൾ സലാം തലക്കാടിനെ നാലിനെതിരെ ഒമ്പത് വോട്ടിന് സി.പി.എമ്മിലെ സജീവ് കുമാരപിള്ളയാണ് പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്തിൽ സി.പി.എം - സി.പി.ഐ ഭിന്നത രൂക്ഷമായി.
വർഷങ്ങളായി സി.പി.എം - സി.പി.ഐ സഖ്യം ഭരിക്കുന്ന കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു നടന്നത്. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി ഇക്കുറിയും എൽ.ഡി.എഫാണ് ഭരണം പിടിച്ചത്.
ഇന്നലെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രസിഡന്റായി സി.പി.എം ഏരിയാ കമ്മിറ്റി അംഗം ടി.കെ. ഷാജഹാനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പിന്നാലെ വൈസ് പ്രസിഡന്റായി അബ്ദുൾ സലാമിനെ സി.പി.ഐ നിർദ്ദേശിച്ചു. ഇത് അംഗീകരിക്കാതെ സി.പി.എം സജീവ് കുമാരപിള്ളയെ നിർദ്ദേശിക്കുകയായിരുന്നു. രണ്ടുപേരും മത്സരരംഗത്ത് ഉറച്ചുനിന്നതോടെ വോട്ടെടുപ്പ് വേണ്ടിവന്നു.
കടുങ്ങല്ലൂർ സഹകരണ ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമാണ് മുസ്ലിംസമുദായത്തിൽപ്പെട്ടയാൾ പ്രസിഡന്റാകുന്നതെന്നും ഈ സാഹചര്യത്തിൽ വൈസ് പ്രസിഡന്റായി മറ്റ് സമുദായത്തിൽപ്പെട്ടവരെ പരിഗണിക്കണമെന്ന ആവശ്യം സി.പി.ഐ അംഗീകരിക്കാത്തതിനാലാണ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. എന്നാൽ ഇടതു പാർട്ടികൾ മതം നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സി.പി.ഐ നിലപാട്. ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് നിശ്ചയിച്ചയാളെയാണ് സി.പി.എം പരാജയപ്പെടുത്തിയതെന്നും സി.പി.ഐ പറയുന്നു. മുൻ ഭരണസമിതിയിൽ സി.പി.ഐയിലെ ഇസ്മയിലായിരുന്നു വൈസ് പ്രസിഡന്റ്.