കൊച്ചി: ലോകത്ത് മഹാമാരികൾ ആവർത്തിച്ചേക്കുമെന്നും എപ്പോഴും സജ്ജമായിരിക്കുക എന്നതാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റും എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ അദ്ധ്യക്ഷയുമായ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. മാ‌ർഗനി‌ർദ്ദേശങ്ങൾ ജനങ്ങൾ അവഗണിക്കുന്നതാണ് ഇപ്പോൾ കൊവിഡിന്റെ പുതിയ വകഭേദം പടരാനുള്ള ഒരു കാരണം.

ഭാരതീയ വിദ്യാഭവന്റെ ഡോ. കെ.എം. മുൻഷി സ്മാരക

പ്രഭാഷണപരമ്പരയിൽ 'മഹാമാരിയുടെ പാഠങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവ‌ർ.

27 വൈറസ് കുടുംബങ്ങളെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. രോഗകാരികളായ വൈറസുകൾ വേറെയുമുണ്ട്. കൊറോണ കുടുംബത്തിനുതന്നെ നൂറുകണക്കിന് വകഭേദങ്ങളുണ്ട്. മുമ്പ് സമൂഹത്തിൽ ബാധിച്ചിട്ടുള്ള രോഗങ്ങൾതന്നെ വീണ്ടും തലപൊക്കുന്നു. അവഗണിച്ചിട്ടിരുന്ന മങ്കിപോക്സ് കുഴപ്പമുണ്ടാക്കിയത് ഉദാഹരണമാണ്.

അതിനാൽ അടിയന്തരാവശ്യത്തിനുള്ള വാക്സിനുകളെങ്കിലും രാജ്യങ്ങൾ കരുതണം. മരുന്നുവിതരണക്കാരും ആശുപത്രികളും സജ്ജരാകണം. ഇതിനുവേണ്ട ധനസഹായത്തിന് സ‌ർക്കാരുകൾ മടിക്കരുത്. പ്രതിരോധ നടപടികളിൽ ഭരണപരമായ തടസങ്ങൾ പാടില്ല. പെട്ടെന്നുള്ള ഉത്തരവുകൾക്ക് അധികാരപ്പെട്ടവരുടെ ടീം ഉണ്ടാകണം. തദ്ദേശസ്ഥാപനങ്ങൾ അതീവജാഗ്രത പുല‌ർത്തണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. പ്രകൃതിയും മനുഷ്യരുമായി സൗഹാ‌ർദം മെച്ചപ്പെടുത്തണം. മൃഗങ്ങളുമായുള്ള സാമീപ്യത്തിൽ കരുതൽ വേണം. മാനവരാശി ഒരിക്കലും മഹാമാരികൾക്ക് കീഴ്പ്പെടാൻ പോകുന്നില്ലെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.