
കൊച്ചി: മദ്ധ്യപ്രദേശിന്റെ മനോഹരമായ ജൂട്ട് ബാഗുകൾക്ക് സരസ് മേളയിൽ ആവശ്യക്കാർ ഏറെയാണ്. രൂപ കൗറും സഘംവുമാണ് ബാഗുമായി മേളയിലെത്തിയിരിക്കുന്നത്. മനോഹരമായ നിറങ്ങളിൽ വ്യത്യസ്തമായ മോഡലുകളിൽ ജൂട്ട് ബാഗുകൾ ലഭ്യമാണ്. 2015ൽ രൂപ കൗറും സംഘവും ആരംഭിച്ച അനൂജ് ബാഗ് നിർമ്മാണ യൂണിറ്റ് ഇന്ന് വിജയകരമായി മന്നോട്ട് പോവുകയാണ്. 11 വനിതകളുടെ കൂട്ടായ്മയിലാണ് സംരംഭം പ്രവർത്തിക്കുന്നത്. വ്യത്യസ്ത ഡിസൈനുകളിലുള്ള ബാഗുകളുമായി രൂപ കൗറും ഭർത്താവുമാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്.
ഗുണമേന്മയുള്ളതും ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നതും കഴുകി ഉപയോഗിക്കാൻ കഴിയുന്നതുമാണിവ. ബാഗുകളിൽ മനോഹരമായ ചിത്രങ്ങൾ പ്രിന്റ് ചെയ്തു വരച്ചും തുന്നിച്ചേർത്തുമാണ് വിപണിയിലേക്ക് എത്തുന്നത്.
മറ്റു മേളകളിലും വിവിധ ഇടങ്ങളിലെ സരസ്‌മേളകളിലും രൂപ കൗർ തന്റെ ബാഗുകളുമായി എത്തി ശ്രദ്ധ നേടിയിട്ടുണ്ട്. ഹാൻഡ്ബാഗ്,ടിഫിൻ ബാഗുകൾ, പേഴ്‌സ് എന്നിവ ഇവിടെ ലഭ്യമാണ്.
പ്രൗഢിയോടെ കോലാപൂരി ചെരുപ്പ്
ആഡംബരത്തിന്റെ പ്രൗഢിയോടെ സരസിൽ താരമായി കോലാപൂരി ചെരിപ്പുകൾ. ഏതു പ്രായക്കാർക്കും എല്ലാ വേഷങ്ങൾക്കൊപ്പവും ഉപയോഗിക്കാം എന്നതാണ് കോലാപൂരി ചെരുപ്പുകളുടെ പ്രത്യേകത.
ഉത്തരാഖണ്ഡിനെ പ്രതിനിധീകരിക്കുന്ന സ്റ്റാളിൽ അൽമോറ സ്വദേശികളായ ജിതേന്ദ്ര കുമാർ, മുകേഷ് കുമാർ എന്നിവരുടെ കൂട്ടുകെട്ടിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കോലാപ്പൂരി മോഡൽ ചെരുപ്പുകൾ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ അൽമോറയിൽ വിവിധ കുടുംബത്തിലെ അംഗങ്ങൾ ചേർന്നാണ് ചെരുപ്പുകൾ നിർമ്മിക്കുന്നത്. 250 രൂപ മുതൽ കോലാപൂരി ചെരിപ്പുകൾ ലഭ്യമാകും. ഇതുകൂടാതെ കലംകാരി ബാഗുകളും ഉത്തരാഖണ്ഡിന്റെ സ്റ്റാളിൽ ലഭ്യമാണ്.