പറവൂർ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുമ്പടന്ന വാടാപ്പള്ളിപറമ്പിൽ കൃഷ്ണരാജിന്റെ (23) ചികിത്സയ്ക്ക് പണം കണ്ടെത്താൻ നാട്ടുകാർ ഒന്നിക്കുന്നു. ഇന്ന് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പെരുമ്പടന്ന കവലയിൽ അമ്പതോളം കലാകാരൻമാരുടെ കലാവിരുന്ന് ഒരുക്കിയാണ് ചികിത്സാ സഹായം കണ്ടെത്തുന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ കൃഷ്ണരാജിന് കഴിഞ്ഞ 22ന് ആലുവയിലുണ്ടായ അപകടത്തിലാണ് ഗുരുതര പരിക്കേറ്റത്. തലയിൽ സങ്കീർണ്ണമായ ഓപ്പറേഷൻ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കൃഷ്ണരാജിന് ഇനിയും മൂന്ന് ശസ്ത്രക്രിയകൾ വേണ്ടിവരും. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അമ്മയാണ് കൃഷ്ണരാജിന്റെ ഏക ആശ്രയം. ഈ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ ശ്യാമള ഗോവിന്ദന്റെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മറ്റി രൂപീകരിച്ചത്.