ആലുവ: അശാസ്ത്രീയമായ നടപ്പാത നിർമ്മാണം ആലുവ പൊലീസ് സ്റ്റേഷൻ പരിസരത്തെ അപകടഭീതിയിലാക്കുന്നു. താരതമ്യേന വീതി കുറഞ്ഞ റോഡിൽ എട്ട് അടി വരെ വീതിയുള്ള നടപ്പാതയാണ് പൊതുമാരമത്ത് വകുപ്പ് അടുത്തിടെ നിർമ്മിച്ചത്. ഇതോടെ പൊലീസിന്റെ തൊണ്ടി വാഹനങ്ങളുടെ പാർക്കിംഗ് റോഡിലേക്ക് മാറ്റേണ്ടിവന്നതാണ് അപകടങ്ങൾക്ക് മുഖ്യകാരണം.

കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന് മുന്നിൽ റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം സംഭവിച്ചതും ഇന്നലെ മിനിലോറി അപകടത്തിൽപ്പെട്ടതുമെല്ലാം റോഡിന്റെ വീതികുറവ് മൂലമാണ്. പൊലീസ് സ്റ്റേഷനു മുന്നിൽ അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി 'കേരളകൗമുദി' പലവട്ടം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗരസഭ അധികൃതരും നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് പാർക്കിംഗ് വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റാൻ നിർദ്ദേശം നൽകിയിരുന്നു. കുറച്ചു നാൾ പാർക്കിംഗിന് ശമനം ഉണ്ടായെങ്കിലും അപകടത്തിൽപ്പെടാത്തതും അല്ലാത്തതുമായ വാഹനങ്ങൾ വീണ്ടും പാർക്ക് ചെയ്ത് തുടങ്ങി.

ഇതിനിടെയാണ് റോഡിന് കിഴക്ക് വശത്തായി പൊതുമരാമത്ത് വകുപ്പ് നടപ്പാത പണിതത്. സബ് ജയിൽ ഗ്രൗണ്ട് മുതൽ പവർഹൗസ് ജംഗ്ഷൻ വരെയാണ് ഭീമൻ നടപ്പാത നിർമ്മിച്ചത്. താരതമ്യേന കാൽനട യാത്രികർ തീരെ കുറഞ്ഞ മേഖലയിലാണ് ഭീമൻ നടപ്പാതയെന്നതാണ് വിരോധാഭാസം. ട്രാഫിക് പൊലീസും റൂറൽ പൊലീസും പിടികൂടുന്ന ബസും ലോറിയുമെല്ലാം ഇവിടെ ഇടുന്നതോടെ ഗതാഗതക്കുരുക്ക് പതിവായെന്നാണ് പരാതി.

പഴകിയ സ്ളാബ് തകർന്ന് ലോറി കുടുങ്ങി

ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെയും വാഹനം അപകടത്തിൽപ്പെട്ടു. സിമന്റുമായി വന്ന മിനിലോറിയുടെ പിൻചക്രങ്ങൾ സ്ലാബുകൾ തകർന്നാണ് കുടുങ്ങിയത്. ബസിനെ മറികടന്ന കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റോഡരികിലേക്ക് മിനിലോറി ഒതുക്കിയപ്പോഴാണ് അപകടം. സമീപത്തെ നിർമ്മാണ സ്ഥലത്തേക്ക് സിമന്റുമായി വന്നതാണ് വാഹനം.