ksrtc

കൊച്ചി: ഇരുചക്രവാഹനങ്ങൾക്കും വൈകാതെ കെ.എസ്.ആർ.ടി.സിയിൽ 'സഞ്ചരിക്കാം". ട്രെയിനുകളിലും ചരക്ക് വാഹനങ്ങളിലും അയച്ചിരുന്ന ബൈക്കുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി 'ബൈക്ക് എക്സ്‌പ്രസ്" എന്ന ലോജിസ്റ്റിക്സ് സർവീസ് ആരംഭിക്കും. ജനങ്ങളിൽ നിന്നുകൂടി അഭിപ്രായം തേടിയശേഷമാവും നിരക്കു നിശ്ചയിക്കുക. സ്പെയ‌ർപാർട്സുകൾ എത്തിക്കുന്ന വർക്ക് ഷോപ്പ് വാൻ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. ആവശ്യക്കാർ കൂടിയാൽ പാസഞ്ചർ പെർമിറ്റ് അവസാനിച്ച ബസുകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കും. തിരുവനന്തപുരം - എറണാകുളം, തൃശൂർ - കണ്ണൂർ, തിരുവനന്തപുരം - കോട്ടയം റൂട്ടുകളിലാവും ആദ്യം തുടങ്ങുക.

അടുത്തഘട്ടത്തിൽ കാറുകൾ എത്തിക്കാനും പദ്ധതിയുണ്ട്. താരതമ്യേന കുറഞ്ഞനിരക്കിൽ സുരക്ഷിതമായി വാഹനമെത്തിക്കാനാണ് തീരുമാനം.

കർണാടകയിൽ ഫ്രാഞ്ചൈസി

കർണാടകയിൽ മുമ്പ് കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് സർവീസ് നടത്തിയിരുന്നെങ്കിലും കർണാടക ആർ‌.ടി.സി.യുടെ എതിർപ്പുമൂലം തുടരാനായില്ല. സ്റ്റേഷൻ മാസ്റ്ററുടെ കൗണ്ടറിലായിരുന്ന ലോജിസ്റ്റിക്സ് സർവീസ് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. അന്ന് സ്കാനിയ ബസ് വഴി രണ്ടുതവണ ബൈക്ക് അയച്ചിരുന്നു. അവിടെ ഫ്രൈഞ്ചൈസികൾ നല്കി സേവനം പുനരാരംഭിക്കാൻ ആലോചനയുണ്ടെന്ന് കെ.എസ്.ആർ.ടി.സി മാർക്കറ്റിംഗ് വിഭാഗം അറിയിച്ചു.